ചേർത്തല: ഖരജലമലിനീകരണവും ശീലമാ​റ്റവും എന്ന വിഷയത്തിൽ ആഗോളതലത്തിൽ സൊല്യൂഷൻ സെർച്ച് നടത്തുന്ന മത്സരത്തിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ സിന്ത​റ്റിക് സാനിട്ടറി പാഡ് രഹിത ഗ്രാമം പദ്ധതി ഫൈനലിലെ ആദ്യ 10 പദ്ധതികളിൽ ഒന്നായി.

വിവിധ രാജ്യങ്ങളിൽ നിന്നായി ലഭിച്ച നൂറു കണക്കിന് അപേക്ഷകരിൽ നിന്നാണ് മുഹമ്മയുടെ പദ്ധതിയും തിരഞ്ഞെടുക്കപ്പെട്ടത്. . പഞ്ചായത്തിന്റെ നേതൃത്വത്തിൽ അശോക ട്രസ്​റ്റ് ഫോർ റിസർച്ച് ഇൻ എക്കോളജി ആൻഡ് ദി എൻവയോൺമെന്റ് (ഏട്രി) ആണ് മുഹമ്മയിൽ ഈ പദ്ധതി നപ്പാക്കിയത്.
2019 മാർച്ചിലായിരുന്നു തുടക്കം. സ്ത്രീകൾ ഉപയോഗിച്ചുവന്നിരുന്ന സിന്ത​റ്റിക് സാനി​ട്ടറി പാഡുകൾക്ക് പകരം തുണിപാഡുകളും ആർത്തവ കപ്പുകളും എന്ന ശീലത്തിലേക്കു ചുവടുമാറി. 2020 നവംബർ 8 ന് സിന്ത​റ്റിക് സാനിട്ടറി പാഡ് രഹിത ഗ്രാമമായി മുഹമ്മയെ പ്രഖാപിക്കുകയും ചെയ്തു. സിന്ത​റ്റിക് സാനിട്ടറി പാഡുകൾ മൂലം സംഭവിച്ചിരുന്ന പരിസരമലിനീകരണവും ജലമലിനീകരണവും ഒഴിവാക്കാൻ പദ്ധതി സഹായിച്ചെന്ന് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജെ.ജയലാൽ പറഞ്ഞു.
ജൂൺ 11 വരെ സൊല്യൂഷൻ സെർച്ച് നടത്തുന്ന ഓൺലൈൻ വോട്ടിംഗിലൂടെയാണ് ഈ മത്ത്സരത്തിലെ വിജയിയെ നിശ്ചയിക്കുന്നത്. ഓൺലൈൻ വോട്ടിംഗിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ദിവസവും ഓരോ വോട്ട് വീതം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു. Link : https://bit.ly/2QHvZJc