tv-r

അരൂർ: സംസ്ഥാനത്തെ അമ്പതോളം ക്ഷേത്രങ്ങളുടെ തന്ത്രിയായ ചന്തിരൂർ ഗായത്രി നിലയത്തിൽ രതീഷ് തന്ത്രി (52) കൊവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒരാഴ്ച മുൻപാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം.

വൈക്കം ചെമ്മനാത്തുകര വടകോട് ഭദ്രകാളി ക്ഷേത്രം, വടക്കൻ പറവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എരമല്ലൂർ പറകുന്നം വെളി ബാലാമുരുക ക്ഷേത്രം, കോവളം ഗണപതി ക്ഷേത്രം, കൃഷ്ണൻ തുരുത്ത് ദണ്ഡായുധ പാണി സുബ്രമഹ്മണ്യ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയാണ്. ആർജ്ജിത ബ്രാഹ്മണ സേന വിദ്യാപീഠം കേരള ഘടകം പ്രിൻസിപ്പൽ, ദശമുഖ വിദ്യാ താന്ത്രിക -മാന്ത്രിക -ജ്യോതിഷ ഗവേഷണ കേന്ദ്രം ആചാര്യൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ:ഉഷ, മക്കൾ: ഗായത്രി, അഭിജിത്ത്.