ആലപ്പുഴ: നഗരത്തിലെ കൊവിഡ് ആശുപത്രികളെ സംബന്ധിച്ച വിവരങ്ങൾ ഇനി നഗരസഭയുടെ വെബ്സൈറ്റിലറിയാം. സർക്കാർ - സ്വകാര്യ ആശുപത്രികളിലെ കൊവിഡ് രോഗികൾക്കായി ഒഴിവുള്ള ഓക്സിജൻ കിടക്കകൾ, ഐ.സി.യു, വെന്റിലേറ്ററുകൾ, സി.എഫ്.എൽ.ടി.സി കിടക്കകൾ തുടങ്ങിയവ സെന്റർ തിരിച്ച് നഗരസഭയുടെ വെബ്സൈറ്റ് വഴി അറിയാം. കണ്ടയ്ൻമെന്റ് സോണുകൾ, പോസിറ്റീവ് കേസുകളുടെ എണ്ണം, ടെലി മെഡിസിൻ നമ്പർ, കൺട്രോൾ റൂം നമ്പർ തുടങ്ങിയ വിവരങ്ങളും ലഭ്യമാവും .
www.alappuzhamunicipality.lsgkerala.gov.in എന്ന വെബ് സൈറ്റിൽ കൊവിഡ് - ഹെൽപ്പ് ഡെസ്ക് എന്ന വിൻഡോയിലൂടെ വിവരങ്ങൾ അറിയാനാവും. അടിയന്തിര സാഹചര്യത്തിൽ രോഗികൾക്ക് സഹായമേകാനും ആശയക്കുഴപ്പമൊഴിവാക്കാനുമാണ് ഈ സജ്ജീകരണം. എല്ലാ ദിവസവും രാവിലെ 11 നും വൈകിട്ട് 3നും വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. ഈ സംവിധാനമൊരുക്കുന്ന ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ആലപ്പുഴ നഗരസഭ.
52 വാർഡുകളിലെ രണ്ട് ലക്ഷത്തോളം പേർക്ക് കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് വിതരണം എട്ടിന് ആരംഭിക്കും. നഗരത്തിലെ 50,000ത്തോളം വീടുകളിൽ ആയുർവേദ മരുന്നുകൾ അടങ്ങിയ ചൂർണ്ണം ഉപയോഗിച്ച് ധൂപസന്ധ്യ നടക്കും.
നഗരത്തിലെ സർക്കാർ - സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ശേഖരം വിലയിരുത്തുന്ന ഓക്സിജൻ ഓഡിറ്റ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കൊവിഡ് വാക്സിനേഷൻ ക്യാമ്പുകൾ ഒന്നാം ഡോസ് നഗരസഭ ശതാബ്ദി മന്ദിരത്തിലും രണ്ടാം ഡോസ് ഗവൺമെന്റ് മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിലും നടക്കും. ആദ്യ ഡോസ് എടുത്ത തീയതി, പ്രായം എന്നിവ അടിസ്ഥാനപ്പെടുത്തി പ്രത്യേക ടോക്കൺ മുഖേന ആൾത്തിരക്കൊഴിവാക്കിയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.