ആലപ്പുഴ: നഗരത്തിൽ മിഴിയടച്ച തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കാൻ 'നിലാവ്' പദ്ധതിയുമായി നഗരസഭ. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നഗരജ്യോതി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ മഴക്കാലത്ത് കണ്ണടയ്ക്കുന്നത് പതിവാണ്. അറ്റകുറ്റപ്പണി നടത്തിയാലും നിലനിൽക്കില്ലെന്നതിനാൽ പൂർണമായും ഉപയോഗ ശൂന്യമായവ മാറ്റി പുതിയത് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

മഴ കനത്തതോടെ രാത്രികാലങ്ങളിൽ നഗരത്തിലെ ഇടറോഡുകളിൽക്കൂടിയുള്ള യാത്ര ദുരിതപൂർണമാണ്. എൽ.ഇ.ഡി ലൈറ്റുകളും സാധാരണ തെരുവുവിളക്കുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവയിൽ തെളിയാത്ത വിളക്കുകളുടെ കണക്കെടുക്കുകയാണ്. കാലവർഷം സജീവമാകുംമുമ്പ് പരിഹാരം കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. എൽ.ഇ.ഡി ബൾബുകൾ മഴക്കാലത്ത് ലൂസ് കണക്ഷനുണ്ടായി പ്രകാശിക്കാതിരിക്കുന്നത് പതിവാണ്.

# എൽ.ഇ.ഡി ബൾബുകൾ

 എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചു തുടങ്ങിയത് 2017 മാർച്ചിൽ

 ലക്ഷ്യമിട്ടത് വൈദ്യുതി ലാഭം

 സ്ഥാപിച്ചത് 8051എൽ.ഇ.ഡി ലൈറ്റുകൾ

 അറ്റകുറ്റപ്പണിക്ക് നഗരസഭ കരാർ നൽകിയത് കെ.എസ്.ഇ.ബിക്ക്

 കെ.എസ്.ഇ.ബി സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകി

 കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനിക്ക് ആദ്യ കരാർ

 പിന്നീട് ആലപ്പുഴ സ്വദേശി കരാർ ഏറ്റെടുത്തു

 കരാർ തുക കിട്ടാതായതോടെ എല്ലാം നിലച്ചു

.................

ഇത്തവണ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വഴിവിളക്ക് പുനരുദ്ധാരണം. വാർഡുകളിൽ കേടുപാട് സംഭവിച്ചത് വാർഡ് കൗൺസിലർമാർ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കും. മഴക്കാലത്തിന് മുമ്പ് എല്ലാം ശരിയാക്കും

(സൗമ്യ രാജ്, നഗരസഭ ചെയർപേഴ്സൺ)