ആലപ്പുഴ : മകൾ ആത്മഹത്യ ചെയ്തതിന്റെ മനോവിഷമത്തിൽ, മകളുടെ കാമുകന്റെ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 6ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നപ്ര ലക്ഷ്മി നിവാസിൽ ശശിധരന്റെ ഭാര്യ പത്മിനിയെ കൊലപ്പെടുത്തിയ കേസിലാണ് പുന്നപ്ര പത്താം വാർഡിൽ പനക്കൽ വീട്ടിൽ ഹരിദാസിനെ (56) ആലപ്പുഴ അഡിഷണൽ ഡിഡ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എ.ഇജാസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കഠിനതടവ് കൂടി അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന തുക പത്മിനിയുടെ ഭർത്താവ് ശശിധരനും മകൻ അനീഷിനും നൽകണമെന്ന് കോടതി വിധിച്ചു.
2012 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. ഹരിദാസിന്റെ പ്രായപൂർത്തിയാകാത്ത മകൾ ഹരിതയും പത്മിനിയുടെ മകൻ അനീഷും തമ്മിൽ പ്രണയത്തിലായിരുന്നു. ഹരിതയ്ക്ക് പ്രായപൂർത്തിയായ ശേഷം ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന് ഇരുവീട്ടുകാരും തമ്മിൽ ധാരണയുണ്ടാക്കിയിരുന്നു. എന്നാൽ ഇതിനിടെ പെൺകുട്ടി അനീഷിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ മാതാവ് തടഞ്ഞു. ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി മുറിയിൽ കയറി കെട്ടിത്തൂങ്ങി മരിച്ചു. ഈ വിവരം അറിഞ്ഞ ഹരിദാസ് വടിവാളുമായി അനീഷിന്റെ വീട്ടിലെത്തിയപ്പോൾ പത്മിനിയേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് പത്മിനിയെ വടിവാളിന് ആക്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് പത്മിനി മരിച്ചത്.പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ.രമേശൻ, അഡ്വ.പി.പി.ബൈജു, അഡ്വ.പി.എൻ.ശൈലജ എന്നിവർ ഹാജരായി.