ലോക്ക്ഡൗണിലും പ്രതീക്ഷയോടെ കച്ചവടക്കാർ
ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും മാമ്പഴങ്ങൾക്ക് ആവശ്യക്കാരേറെ. ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ ആരംഭിക്കുമെങ്കിലും പഴം വിപണിക്ക് പൂട്ടില്ലാത്തതിനാൽ ചെറിയ പ്രതീക്ഷയിലാണ് കച്ചവടക്കാർ.
പഴങ്ങളുടെ വഴിയോരക്കച്ചവടം ഉഷാറായി വരുന്നതിനിടെയാണ് കൊവിഡ് വീണ്ടും ദുരിതമായത്. നാടൻ മാങ്ങയുടെ സീസണും ആരംഭിച്ചുകഴിഞ്ഞു. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നതിന് വിലക്കില്ലാത്തതിനാൽ മാമ്പഴക്കാലം അതിജീവനത്തിനായി പ്രയോജനപ്പെടുത്തുകയാണു തൊഴിൽ നഷ്ടപ്പെട്ട ഒട്ടേറെ പേർ. വഴിയോരങ്ങളിൽ ഓട്ടോറിക്ഷകളിലും ബൈക്കിലും എത്തി മാമ്പഴം വിൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനിടെയാണ് പൂർണ ലോക്ക്ഡൗൺ വന്നത്. നാടൻ മാമ്പഴ ഇനങ്ങളാണു വഴിയോര വില്പനയ്ക്ക് കൂടുതലായി എത്തിച്ചിരിക്കുന്നത്. മാങ്ങയുടെ വിളവു വർദ്ധിച്ചതോടെ പ്രാദേശികമായി സംഭരിച്ചു നാടൻ രീതിയിൽ പഴുപ്പിച്ചെടുത്തു വില്പനയ്ക്കായി കൊണ്ടുവന്നവയാണു കൂടുതലും. മിനി ലോക്ക്ഡൗണിൽ യുവാക്കൾ ഉൾപ്പെടെ കച്ചവടത്തിൽ സജീവമായിരുന്നു.
പ്രിയോർ, കർപ്പൂര മാങ്ങ, മൂവാണ്ടൻ, കിളിച്ചുണ്ടൻ, വലിയ കിളിച്ചുണ്ടൻ തുടങ്ങിയ നാടൻ ഇനങ്ങൾക്കു പുറമേ അതിർത്തി കടന്ന് എത്തുന്നവയും വിപണിയിലുണ്ട്. എങ്കിലും പാലക്കാടൻ മാമ്പഴങ്ങളാണ് സുലഭം. ഇത്തവണ മാവ് പൂക്കാൻ വൈകിയതിനാലാണ് വിപണിയും വൈകിയത്. സാധാരണ ഏപ്രിലിലാണ് വിപണി സജീവമാകുന്നത്. 100 രൂപയ്ക്കു മൂന്നു കിലോ കിട്ടുന്നതു മുതൽ കിലോയ്ക്കു 100 രൂപയുള്ള മാമ്പഴ ഇനങ്ങളുണ്ട്. പച്ചമാങ്ങ കിലോയ്ക്ക് 60 രൂപയാണിപ്പോൾ. ഇത്തവണ തമിഴ്നാട്ടിൽ നിന്നുള്ള മാമ്പഴ വരവ് കുറഞ്ഞിട്ടുണ്ട്.
......................................
# പ്രിയോർ മാമ്പഴം (ഒന്നര കിലോ)..............₹ 100
# മൂവാണ്ടൻ (2 കിലോ)..................................₹ 100
..........................................
വഴിയോര മാമ്പഴ വില്പന മിനി ലോക്ക്ഡൗൺ കാലത്ത് സജീവമായിരുന്നു. പക്ഷേ, ഇന്നുമുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ ആരംസിക്കുന്നതിനാൽ എന്തായിത്തീരും അവസ്ഥയെന്ന് വ്യക്തമല്ല. പഴം വിപണിയെ നിയന്ത്രണത്തിൽപ്പെടുത്തിയിട്ടില്ല എന്നതാണ് ആശ്വാസം
(രാജു ,കച്ചവടക്കാരൻ, കൈചൂണ്ടിമുക്ക്)