ഹരിപ്പാട്: വീട്ടിൽ വിദേശമദ്യ ചില്ലറ വില്പന നടത്തിയ ബാർ ജീവനക്കാരനെ എക്സൈസ് പിടികൂടി. പല്ലന ആതിരയിൽ വിനയകുമാറിനെയാണ് (38) ഹരിപ്പാട് എക്സൈസ് പിടികൂടിയത്. 14 ലിറ്റർ വിദേശമദ്യം ഇയാളിൽ നിന്ന് പിടികൂടി. ഇയാൾ മദ്യം വിൽക്കുന്നതായി എക്സൈസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് .കിടപ്പുമുറിയിൽ കട്ടിലിനടിയിലും അലമാരക്കുള്ളിലുമായാണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. എക്സൈസ് അസി. ഇൻസ്പെക്ടർ (ഗ്രേഡ്) കെ ബിജു, പ്രിവന്റിവ് ഇൻസ്പെക്ടർ അംബികേശൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജിത്ത്, ഡ്രൈവർ സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.