മുതുകുളം : മുതുകുളം സ്വദേശിയായ സി.ആർ.പി.എഫ്. ജവാൻ നാഗാലാൻഡിൽ കൊവിഡ് ബാധിച്ച് മരിച്ചു. മുതുകുളം വടക്ക് ഉമ്മർ മുക്ക് സ്റ്റാർജംഗ്ഷന് പടിഞ്ഞാറ് കിഴക്കേ വിഴവുതറയിൽ പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ പി.എസ്. സാജിത്താണ് (സലിം -38) മരിച്ചത്. നാഗാലാൻഡ് ക്യാമ്പിലെ ആർമറായിരുന്നു. ഒന്നര മാസത്തെ ലീവിന് നാട്ടിൽ വന്നതിന് ശേഷം ഏപ്രിൽ 16 നാണ് കുടുംബ സമേതം ജോലി സ്ഥലത്തേയ്ക്ക് മടങ്ങിപ്പോയത്. ഒരാഴ്ച മുമ്പ് സാജിദിത്തിന് പനി ബാധിക്കുകയും അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടുകയും ചെയ്തു. രോഗം വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ മരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മൃതദേഹം കൊഹിമയിൽ കബറടക്കി. ഭര്യ: ഷഹന. മകൻ : മുഹമ്മദ് യൂസഫ്.