ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉടൻ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ കർശന നിർദ്ദേശം നൽകി . തദ്ദേശ സ്ഥാപനങ്ങളിലെ കൊവിഡ് ചികിത്സ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ഓൺലൈൻ യോഗത്തിലായിരുന്നു നിർദ്ദേശം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഉടൻ ഡൊമിസിലിയറി കെയർ സെന്ററുകൾ (ഡി. സി. സി ) സജ്ജമാക്കണം. ഇതുവരെ ഡി.സി.സി.കൾ തുടങ്ങാൻ സ്ഥലം കണ്ടെത്താത്ത പഞ്ചായത്തുകൾ ഉടൻ സ്ഥലം കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കണം.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ അദ്ധ്യക്ഷന്മാർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.