ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ 52 വാർഡുകളിലെ 50000ത്തിലധികം വീടുകളിൽ ഇന്ന് ആയുർവേദ പ്രതിരോധ മരുന്നുകളടങ്ങിയ അണു നശീകരണ ചൂർണ്ണത്തിന്റെ ധൂപം പ്രതിരോധം തീർക്കും. ഇന്ന് വൈകിട്ട് 6.30നാണ് എല്ലാ വീടുകളിലും "ധൂപ സന്ധ്യ " ആചരിക്കുക. നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി അംഗങ്ങളും ആരോഗ്യ വോളണ്ടിയർമാരും അപരാജിത ചൂർണ്ണത്തിന്റെ വിതരണം നടത്തുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശക്തി ഉയർത്താനുള്ള ഹോമിയോ മരുന്ന് വിതരണവും ഇന്ന് നടക്കും. നഗരത്തിൽ 16 വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള വാതിൽപ്പടി ബോധവത്കരണ - ശുചിത്വ സന്ദേശ മത്സരം പുരോഗമിക്കുകയാണ്. ധൂപ സന്ധ്യയുടെ വിജയത്തിനായി മുഴുവൻ ആശാ വർക്കർമാരുടേയും എ.ഡി.എസ് ചെയർപേഴ്സൻമാരുടേയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗം ഓൺലൈനായി നഗരസഭ അദ്ധ്യക്ഷ വിളിച്ചു ചേർത്തിരുന്നു. എല്ലാ വീടുകളിലും ഒരേ സമയം നടക്കുന്ന ധൂപ സന്ധ്യ കൊവിഡ് പ്രതിരോധ അവബോധം തീർക്കുമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പറഞ്ഞു.