ആലപ്പുഴ: ഓപ്പറേഷൻ കുബേരയുടെ പ്രവർത്തനം ഒന്ന് തണുത്തതോടെ കൊള്ളപ്പലി​ശ സംഘങ്ങൾ വീണ്ടും ഉഷാറാകുകയാണ്.

കൊവി​ഡ് ഒന്നാം തരംഗവും മറ്റും വന്നതോടെ ഇത്തരം സംഘങ്ങൾക്ക് അനുകൂല സാഹചര്യം ഉരുത്തി​രി​ഞ്ഞുവരി​കയായി​രുന്നു. തുടർന്ന് കൊവി​ഡ് രണ്ടാം തരംഗവും എത്തുന്നതോടെ കൊള്ളപ്പലി​ശക്കാർ കൂടുതൽ ശക്തമാകുന്ന സ്ഥി​തി​യാണ്.

ജോലി നഷ്ടപ്പെട്ട് സാമ്പത്തിക കുരുക്കിലായവരെ ലക്ഷ്യമിട്ടാണ് പലിശക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്. കനത്ത മഴയും ആളുകളെ പലിശയ്ക്ക് പണമെടുക്കാൻ പ്രേരി​പ്പി​ക്കുന്നുണ്ട്.

കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളി കുടുംബങ്ങളും കുട്ടനാട് കർഷകരും ദുരിതത്തിലാണ് . ജില്ലയിലെ തീരപ്രദേശമാണ് കൊള്ളപ്പലിശക്കാരുടെയും ചെറുകിട പണമിടപാട് സ്ഥാപനങ്ങളുടെയും താവളം. പണം വാങ്ങിയവർ ഭീഷണി ഭയന്ന് പൊലീസിൽ പരാതി നൽകാറുമില്ല. ഇത് കടുത്ത ചൂഷണത്തി​ന് വഴി​യെരുക്കുന്നു. ഒരുതവണ തിരച്ചടവ് മുടങ്ങിയാൽ രാത്രിപുലരും മുമ്പേ വിളി തുടങ്ങും. തവണ മുടങ്ങിയാൽ ഒരു മയവുമില്ലാതെയാണ് പലിശ ഈടാക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ അകമ്പടിയോടെയാണ് പണപ്പിരിവ്. അവധി​ പറഞ്ഞാൽ ഫോണിലൂടെ പരിഹാസവും ഭീഷണിയുമാണ്. മാരാരിക്കുളം, ആറാട്ടുപുഴ, കുട്ടനാട് എന്നിവിടങ്ങളിലെ കൊള്ളപ്പലിശക്കാരെ ഓപ്പറേഷൻ കുബേരയിലൂടെ പൊലീസ് പിടികൂടിയിരുന്നു.

മുമ്പ് ഉത്സവകാലത്തും, സ്‌കൂൾ വർഷാരംഭത്തിലുമാണ് പലിശക്കാർ പണമിടപാട് നടത്തിയിരുന്നത്. എന്നാൽ കൊവി​ഡ്, ലോക്ഡൗൺ കാലത്തെ തീരദേശത്തെ കടുത്ത സാമ്പത്തിക മാന്ദ്യം മുതലെടുത്തു കൊള്ളപ്പലിശ സംഘം വൻ തുകയാണ് നൽകിയിട്ടുള്ളത്. സ്വകാര്യ വ്യക്തികളും പേരിനു മാത്രം സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളും ഇക്കൂട്ടത്തി​ലുണ്ട്.

.....................................

 പലിശ പലതരം

മീറ്റർ പലിശ, മണിക്കൂർ പലിശ എന്നിങ്ങനെ വിവിധ പേരുകളിലാണ് പലിശ ഈടാക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് ഒരു മണിക്കൂറിനു 1000 രൂപ പലിശ വാങ്ങി ചെറു ഇടപാടുകൾ നടത്തുന്ന സംഘങ്ങളുണ്ട്. ഇത് കൂടാതെ മാസം 5 ശതമാനം പലിശയുടെ സ്ഥാനത്ത് 10 മുതൽ 20 ശതമാനം വരെ ഈടാക്കും. ദിവസ വട്ടിപിരിവും ഉണ്ട്. പലിശ ഇങ്ങനെ കടംകയറി പലർക്കും കിടപ്പാടം വരെ നഷ്ടമായ സംഭവങ്ങളുണ്ട്. ആവശ്യക്കാരന് പണം നൽകുകയും അവരോടൊപ്പം പോയി കാര്യം നടത്തിക്കുകയുമാണ് മണിക്കൂർ പലിശക്കാരുടെ രീതി. കാറും ഇരുചക്ര വാഹനങ്ങളും വാങ്ങിവച്ച് പണം പലിശയ്ക്കു നൽകുന്ന സംഘവും വ്യാപകമാണ്. ഇവർ പലപ്പോഴും 60 മുതൽ 120 ശതമാനം വരെ പലിശ ഈടാക്കും .

............................

പലി​ശ 120 ശതമാനം വരെ

മണി ലെൻഡിംഗ് ആക്ട് പ്രകാരം ലൈസൻസ് എടുത്തു വൻ പലിശയ്ക്കു പണം കടം കൊടുക്കുന്നവരും ഏറെയാണ്. എന്നാൽ ഇക്കൂട്ടർ പലരും നിയമം തെറ്റിച്ചാണ് പലിശ ഈടാക്കുന്നത്. 18 ശതമാനത്തിൽ കൂടുതൽ പലിശ ഈടാക്കാൻ പാടില്ലെന്നാണ് നിയമം. ഇവർ 120 ശതമാനം പലിശയാണ് സാധാരണക്കാരിൽ നിന്ന് ഈടാക്കുന്നത്.

.........................

'' കുബേര സമയത്ത് ജില്ലയിൽ നിന്ന് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് മറവിലെ പലിശക്കൊളള ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്. തീരപ്രദേശങ്ങളിൽ സംഘം പിടിമുറുക്കുന്നുണ്ടെങ്കിലും ആളുകൾ ഭീഷണി ഭയന്ന് പുറത്തു പറയാത്തതിനാലാണ് ഇത്തരം സംഘങ്ങൾ വളരുന്നത്.

(പൊലീസ് അധികൃതർ)

കൊള്ളപ്പലിശക്കാരെ കുടുക്കാൻ സർക്കാർ ആവിഷ്‌കരിച്ച പ്രത്യേക പരി​പാടി​യാണ് 'ഓപ്പറേഷൻ കുബേര'.