s

അക്ഷരസേനയുമായി ലൈബ്രറി കൗൺസിൽ

ആലപ്പുഴ : വായനാപ്രേമികൾക്ക് സന്തോഷവാർത്ത. പുസ്തകങ്ങളുമായി അക്ഷരസേന ഇനി വീട്ടുമുറ്റത്തെത്തും. ക്വാറന്റൈനിൽ കഴിയുന്നവർക്കും ലോക്ക് ഡൗണിൽ വീടുകളിൽ ഒതുങ്ങി കഴിയുന്നവർക്കും ആവശ്യമുള്ള പുസ്തകങ്ങൾ എത്തിച്ചു നൽകാനാണ് സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അക്ഷരസേനകൾ രംഗത്തെത്തുന്നത്.

ലൈബ്രറി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന 320 വായനശാലകളാണ് ജില്ലയിലുള്ളത്. ജില്ലയിലെ ചില ഗ്രന്ഥശാലകൾ ഓൺലൈനിലൂടെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഭൂരിഭാഗവും അടഞ്ഞ് കിടക്കുകയാണ്. ലൈബ്രറി കൗൺസിലിന് കീഴിലെ ലൈബ്രറികളിൽനിന്നും വായനശാലകളിൽനിന്നുമുള്ളവരെ ചേർത്തു രൂപീകരിച്ചതാണ് അക്ഷരസേന. ഒരു ലൈബ്രറിയിൽ നിന്നുള്ള സംഘത്തിൽ 10മുതൽ 15പേർ വരെയുണ്ടാകും. വനിതകളും അംഗങ്ങളാണ്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തവർക്ക് ഏകദിന പരിശീലന പരിപാടി കഴിഞ്ഞയാഴ്ച സംസ്ഥാന ലൈബ്രറി കൗൺസിലും കിലയും ചേർന്ന് ഓൺലൈനായി സംഘടിപ്പിച്ചു. ആദ്യ ലോക്ക് ഡൗൺകാലത്ത് 80തോളം വായനശാലകൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടിമാത്രം തുറന്നുപ്രവർത്തിക്കുന്നുണ്ടായിരുന്നു.

അതിരാവിലെയും വൈകുന്നേരങ്ങളിലും അടുത്തുള്ള വായനശാലകളിലെത്തി സമയം ചിലവഴിക്കുന്നവർ നിരവധിയാണ്. പുസ്തകങ്ങൾക്കപ്പുറം വായനാചർച്ചകൾക്കും വേദിയായിരുന്നു വായനശാലകളും ഗ്രന്ഥശാലകളും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും വീടുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായാണ് ഇപ്പോൾ അക്ഷരസേനയെ രൂപീകരിച്ചതെങ്കിലും ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ലൈബ്രറി കൗൺസിലിന്റെ തീരുമാനം.

പുസ്തകങ്ങൾക്കും

'നിരീക്ഷണം"

വായിച്ച് മടക്കിയെത്തിക്കുന്ന പുസ്തകങ്ങൾ ഒരാഴ്ചക്കാലം 'നിരീക്ഷണ'ത്തിലായിരിക്കും. നനവുണ്ടാകുമെന്നതിനാൽ അണുനശീകരണം പ്രായോഗികമല്ല. വീടുകളിൽനിന്ന് മടക്കിയെത്തിക്കുന്ന പുസ്തകങ്ങൾ പുറമേ അണുനശീകരണം നടത്തി മാറ്റിവയ്ക്കുകയാണ് പതിവ്. ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ ഇവ വീണ്ടും ഉപയോഗിക്കുകയുള്ളൂ.

തിരിച്ചറിയൽ രേഖ നൽകും

അക്ഷര സേനാംഗങ്ങൾക്കുള്ള തിരിച്ചറിയൽ രേഖകൾ ഉടൻ നൽകും. വായനക്കാർക്ക് വീടുകളിലിരുന്ന് ആവശ്യമുള്ള പുസ്തകങ്ങൾ അതത് പ്രദേശങ്ങളിലെ അക്ഷരസേനാംഗങ്ങളോട് ആവശ്യപ്പെടാം. വായന പൂർത്തിയാക്കിയശേഷം തിരികെ ഇവരെത്തന്നെ ഏൽപ്പിച്ചാൽ മതിയാകും. 50 വയസിൽ താഴെയുള്ളവരാണ് സേനയിലുള്ളത്.

'' വായനയെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും പുസ്തകങ്ങൾ ലഭിച്ചേ മതിയാകൂ. പുതുതലമുറയെ പുസ്തകവുമായും സന്നദ്ധ സേവനവുമായും കൂടുതൽ അടുപ്പിക്കുകയാണ് അക്ഷരസേനയിലൂടെ ലക്ഷ്യമിടുന്നത്.

(സംസ്ഥാന ലൈബ്രറി കൗൺസിൽ ഭാരവാഹികൾ)