ആലപ്പുഴ: ജില്ലയിൽ ഹരിത കർമ സേനയുടെ പ്രവർത്തനം അവതാളത്തിലാക്കി കൊവിഡിന്റെ രണ്ടാം വ്യാപനം. കണ്ടെയ്മെന്റ് സോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് മാലിന്യം നീക്കംചെയ്യാൻ കഴിയുന്നില്ല. കൂടാതെ മാലിന്യം തരം തിരിക്കൽ പ്രക്രിയയും അവതാളത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഹരിത കർമ്മ സേനയ്ക്ക് മികച്ച പിന്തുണയാണ് നൽകുന്നതെങ്കിലും വിലങ്ങുതടിയായി നിൽക്കുകയാണ് കൊവിഡ്.

ജില്ലയിൽ മാലിന്യ ശേഖരണത്തിന് 54 പഞ്ചായത്തും ഒരു നഗരസഭയുമാണ് നിലവിൽ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് കഴിഞ്ഞ മാസം വരെയുള്ള മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. വീടുകളിൽ നിന്ന് മാസം തോറും അജൈവ മാലിന്യം ശേഖരിക്കുന്നത് സേനയാണ്. കൊവിഡിന്റെ രണ്ടാം വ്യാപനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മാലിന്യം തരംതിരിച്ച് നൽകിയതിന് അടുത്തിടെ 5.75 ലക്ഷം രൂപ ക്ലീൻ കേരള ഹരിതകർമ്മ സേനയ്ക്ക് നൽകിയിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം പലേടത്തും വ്യാപനം രൂക്ഷമായതോടെ സുരക്ഷിതമായി വാതിൽപ്പടി മാലിന്യ ശേഖരണം അസാദ്ധ്യമായി. മാവേലിക്കര, താമരക്കുളം പഞ്ചായത്തുകളാണ് ഏറ്റവും കൂടുതൽ അജൈവമാലിന്യങ്ങൾ കൈമാറിയത്. പിന്നീട് പല തദ്ദേശ സ്ഥാപനങ്ങളിലും പ്രവർത്തനങ്ങൾ മന്ദഗതിയിലായി. തിരഞ്ഞെടുപ്പ് ദിവസവും ഓരോ ബൂത്തിലും ഹരിത കർമ സേന അജൈവമാലിന്യങ്ങൾ ശേഖരിച്ചിരുന്നു.

 വീട്ടിൽ ₹ 50, സ്ഥാപനം ₹ 100

വാതിൽപ്പടി മാലിന്യ ശേഖരണത്തിനായി സർക്കാർ നിർദ്ദേശപ്രകാരം ഓരോ തദ്ദേശ സ്ഥാപനത്തിലും കൺസോർഷ്യമായാണ് ഹരിതകർമ സേനകൾ പ്രവർത്തിക്കുന്നത്. ഒരു വാർഡിൽ രണ്ടംഗങ്ങളെ വീതം കുടുംബശ്രീ യൂണിറ്റുകളിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. ഈ അംഗങ്ങളെ സംരംഭക ഗ്രൂപ്പുകളായി തിരിച്ചാണ് ഹരിത കർമ സേന പ്രവർത്തിക്കുന്നത്. സംരംഭക ഗ്രൂപ്പുകൾക്ക് വരുമാനം ഉറപ്പാക്കാനുള്ള സഹായമാണ് ഹരിതകർമ സേനയുടെ പ്രവർത്തനത്തിന് തദ്ദേശ സ്ഥാപനങ്ങൾ ചെയ്തുകൊടുക്കുന്നത്. വീടുകളിൽ നിന്ന് 50 രൂപയും സ്ഥാപനങ്ങൾ 100 രൂപയും യൂസർ ഫീസായി നൽകണം. ഈ തുക അതത് തദ്ദേശ സ്ഥാപനങ്ങളാണ് നിശ്ചയിക്കുന്നത്.

.......

 മാലിന്യക്കണക്ക്

ഫെബ്രുവരി.......20 ടൺ

മാർച്ച്..................17.5 ടൺ

ഏപ്രിൽ................39.18 ടൺ

............................................

കൊവിഡിന്റെ രണ്ടാംതരംഗം ഹരിത കർമ സേനയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും കണ്ടെയ്മെന്റ് സോണിൽ നിന്നൊഴികെ ബാക്കി എല്ലായിടത്തുനിന്നും മാലിന്യം ശേഖരിക്കുന്നുണ്ട്. ക്ലീൻ കേരള കമ്പനിക്ക് വേർ തിരിച്ച് നൽകിയതിന് 5.75 ലക്ഷം രൂപ ലഭ്യമായിട്ടുണ്ട്. പഞ്ചായത്തുകൾക്ക് ഈ തുക കൈമാറി. വേർതിരിച്ച് നൽകാത്ത മാലിന്യത്തിന് കമ്പനിക്ക് കിലോയ്ക്ക് 10 രൂപയും ടാക്സും നൽകണം

(രാജേഷ്, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ)