ജില്ലയിൽ 100 രൂപ മുദ്ര പത്ര ക്ഷാമം രൂക്ഷം

ആലപ്പുഴ: കൊവി​ഡും ലോക്ക് ഡൗണും​ മുദ്രപത്രങ്ങളെയും സാരമായി​ ബാധി​ച്ചു. 100 രൂപയുടെ മുദ്രപത്രങ്ങൾ കി​ട്ടാനേയി​ല്ല. 500 രൂപയി​ൽ താഴെയുള്ള മറ്റു മുദ്രപത്രങ്ങളുടെ കാര്യത്തി​ലും ക്ഷാമമുണ്ട്. എന്നാൽ കേരളത്തി​ലെ ലോക്ക് ഡൗണല്ല, അങ്ങ് നാസി​ക്കി​ലെ ലോക്ക് ഡൗണാണ് ഇവി​ടെ വി​ല്ലൻ. നസി​ക്കി​ലെ നാഷണൽ സെക്യൂരി​റ്റി​ പ്രസി​ലാണ് മുദ്രപത്രം അച്ചടി​ക്കുന്നത്.

ബാങ്ക് ഇടപാടുകളെയും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള കരാറുകളെയും മറ്റും ഇതു സാരമായി ബാധിച്ചുതുടങ്ങിയെന്ന് ഉപഭോക്താക്കൾ പറയുന്നു. ഇ-സ്റ്റാമ്പ് വഴി കാര്യങ്ങൾ നടക്കുന്നതിനാൽ രജിസ്‌ട്രേഷൻ നടപടികളെ മുദ്രപ്പത്രക്ഷാമം കാര്യമായി ബാധിക്കുന്നില്ല. നാസിക്കിലെ നാഷനൽ സെക്യൂരിറ്റി പ്രസിൽ ആവശ്യത്തിനു മുദ്രപ്പത്രം അച്ചടിക്കുന്നുണ്ടെങ്കിലും അവിടത്തെ ലോക്ഡൗൺ മൂലം ഇവ എത്തിക്കാൻ കഴിയാത്തതാണു പ്രശ്‌നം. ഒരാഴ്ചകൂടി ഈ അവസ്ഥ തുടരുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥർ പറയുന്നത്.

നോട്ട് നിരോധന സമയത്ത് പുതിയ നോട്ടുകളുടെ അച്ചടി നടന്നപ്പോഴും മുദ്രപ്പത്രത്തിന് പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. ഈ സമയം ഓൺലൈൻ പ്രിന്റ് എടുത്ത് 100 രൂപ സ്റ്റാമ്പൊട്ടിച്ചാണ് ട്രഷറി അധികൃതർ ക്ഷാമം പരിഹരിച്ചത്. എന്നാൽ ആധാരമെഴുത്തുകാരുടെ എതിർപ്പിനെ തുടർന്ന് നടപടി പിൻവലിച്ചു.കൊവിഡ് വ്യാപനം രൂക്ഷമായാൽ 50 രൂപയുടെയും 500 രൂപയുടെയും പത്രങ്ങൾക്കും ക്ഷാമം നേരിടേണ്ടി വരും. പത്രങ്ങൾ കിട്ടാനില്ലാതായതോടെ 100 രൂപയുടെ മുദ്രപ്പത്രത്തിന്റെ ആവശ്യത്തിന് അഞ്ചിരട്ടി പണം മുടക്കി കാര്യങ്ങൾ നടത്തേണ്ട ഗതികേടിലായി ജനം. ഏറ്റവും ഒടുവിൽ കഴിഞ്ഞ ഡിസംബറിലാണ് തിരുവനന്തപുരത്തേക്കു നാസിക്കിൽ നിന്നു മുദ്രപ്പത്രങ്ങൾ എത്തിച്ചത്. വിവിധ ജില്ലകളിലേക്കു വീതിച്ചു കൊടുത്തതോടെ ഇതിന്റെ സ്റ്റോക്ക് തീർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മുദ്രപ്പത്രങ്ങളുടെ സ്റ്റോക്ക് എത്തേണ്ടതായിരുന്നു. എന്നാൽ നാസിക്കിൽ സെക്യൂരിറ്റി പ്രസ് ഇരിക്കുന്ന മേഖലയടക്കം ലോക്ഡൗണിലായതോടെ ഇതു മുടങ്ങി. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട കരാറുകൾ, സത്യവാങ്മൂലങ്ങൾ, വ്യക്തിഗത കരാറുകൾ തുടങ്ങിയവയ്‌ക്കെല്ലാം മുദ്രപ്പത്രം ആവശ്യമാണ്.

.....

# വിലങ്ങനെ കൊവിഡ്

സംസ്ഥാനത്തെ ട്രഷറി, സബ്ട്രഷറികളിലുള്ള സ്റ്റാമ്പ് ഡിപ്പോകളിലേക്കാവശ്യമായ മുഴുവൻ മുദ്രപ്പത്രങ്ങളും തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നാണ് വിതരണം നടത്തുന്നത്. മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം നേരിട്ടാൽ ഇനം തിരിച്ചുള്ള വിവരം അടങ്ങിയ സ്റ്റേറ്റ്മെന്റ് നാസിക്കിലെ പ്രസിൽ അറിയിക്കുകയാണ് പതിവ്. ലോക്ഡൗൺ കാരണം പ്രസ് ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നുള്ളു. അവിടുന്ന് സ്റ്റോക്ക് എത്തിക്കാനും കഴിയുന്നില്ല.

............................

# 100 രൂപ പത്രം

ആവശ്യമായ കരാറുകൾ

വിലയാധാര കരാറുകൾ, വാഹനകരാറുകൾ, വാടക ചീട്ട്, ചിട്ടികൾ,കെ.എസ്.ഇ.ബി കണക്ഷന് വേണ്ട ബോണ്ട്, സമ്മതപത്രം, പഞ്ചായത്തിൽ ബിൽഡിംഗ് പെർമിറ്റിനു നൽകേണ്ട ബോണ്ട്, സത്യവാങ്മൂലം, തിരുത്തലുകൾ, ബാങ്കുകളിലെ വായ്പാ ഉടമ്പടികൾ

...................................

'' 100 രൂപയുടെ പത്രത്തി​ന് നിലവിൽ ക്ഷാമം ഉണ്ട്. സംസ്ഥാനത്തേക്ക് നാസികിൽ നിന്ന് സ്റ്റോക് എത്തിക്കാൻ പറ്റാത്തതിനാണ് ക്ഷാമം നേരിടുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായാൽ പ്രതിസന്ധിയിലേക്ക് ആധാരമെഴുത്ത് മേഖല എത്തും.

(മുരളീധരൻ,ആധാരമെഴുത്ത്)

മുദ്രപ്പത്ര ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഒരാഴ്ചകൂടി ഈ അവസ്ഥ തുടരുമെന്നാണ് കരുതുന്നത്.

ട്രഷറി ഉദ്യോഗസ്ഥർ

..............