ആലപ്പുഴ: ഒറ്റമശേരിയിലെ കടലാക്രമണ ഭീഷണി തടയുന്നതിന് ഉടൻ നടപടി സ്വീകരിക്കാൻ കളക്ടർ എ. അലക്സാണ്ടർ നിർദ്ദേശം നൽകി. ജിയോ ബാഗുകളും കല്ലും കൊണ്ട് പ്രതിരോധിക്കാൻ കാത്തിരിക്കാതെ അടിയന്തരമായി മണൽ ചാക്കുകൾ അടുക്കുന്ന പ്രവൃത്തികൾ ആരംഭിക്കാൻ ജലസേചന വകുപ്പിനോട് കളക്ടർ ആവശ്യപ്പെട്ടു. ഒറ്റമശ്ശേരിയിലെ കടലാക്രമണം തടയുന്നതിനായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിലായിരുന്നു നിർദ്ദേശം.
കല്ലിന്റെ വില റിവേഴ്‌സ് ചെയ്ത് കിട്ടുന്ന മുറയ്ക്ക് വീടുകൾ വരുന്ന 242 മീറ്ററിൽ കല്ല് ഇറക്കി കടലാക്രമണം പ്രതിരോധിക്കാനും ബാക്കി സ്ഥലങ്ങളിൽ ജിയോ ബാഗ് നിരത്താനുമാണ് തീരുമാനം. തോട്ടപ്പള്ളി പൊഴിയിൽ അടിഞ്ഞിരിക്കുന്ന മണൽ നീക്കം ചെയ്ത് പൊഴിയുടെ വടക്കു ഭാഗത്ത് ഇടാനും തീരുമാനമായി. യോഗത്തിൽ എ.എം. ആരിഫ് എം.പി, നിയുക്ത എം.എൽ.എ പി. പ്രസാദ്, ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ സദാശിവ മുരളി, തഹസിൽദാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.