മാവേലിക്കര: ചെങ്ങന്നൂർ സബ്ഡിവിഷൻ അതിർത്തിയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യ യാത്ര നടത്തിയതിന് 85 വാഹനങ്ങൾ പൊലീസ് പിടികൂടി. 9500 രൂപ പിഴ ഈടാക്കി. വെൺമണി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ 18 വാഹനങ്ങളും മാവേലിക്കര-16, നൂറനാട്-14, മാന്നാർ, ചെങ്ങന്നൂർ 11 വീതം, കുറത്തികാട്- 10, വള്ളികുന്നം- 5 എന്നിങ്ങനെയാണ് വാഹനങ്ങൾ പിടികൂടിയത്.

രാവിലെ പിടികൂടിയ വാഹനങ്ങൾ പിഴ ഈടാക്കിയ ശേഷം വൈകിട്ട് തിരികെ നൽകി. ഇന്ന് മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ക്ഡൗൺ അവസാനിച്ച ശേഷമേ തിരികെ നൽകൂവെന്നു ചെങ്ങന്നൂർ ഡിവൈ‌എസ്.പി ഡോ.ആർ.ജോസ് അറിയിച്ചു. മേഖലയിൽ വഴിയോര കച്ചവടങ്ങൾ അനുവദിക്കില്ലെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.