മുതുകുളം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചിങ്ങോലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗത്തിൽ പൂർണ്ണ പിന്തുണ. പുതിയ പ്രതിരോധ മാർഗ്ഗങ്ങളും യോഗം ചർച്ച ചെയ്തു.

24 മണിക്കൂർ പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂം ആരംഭിക്കും. വിവാഹം, മറ്റ് പൊതുചടങ്ങുകൾ എന്നിവയിൽ ആളുകളുടെ എണ്ണം കർശനമായി നിയന്ത്രിക്കും. ചടങ്ങുകളുടെ സമയം 2 മണിക്കൂർ ആയി ചുരുക്കും. പരിപാടികൾ കൊവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യുകയും പഞ്ചായത്ത് അംഗങ്ങൾ, ആശ പ്രവർത്തകർ എന്നിവരെ അറിയിക്കുകയും വേണം. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സൗകര്യങ്ങൾ പരിമിതമായതിനാൽ വാക്സിനേഷൻ കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിൽ സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നടത്തും. ഓൺലൈൻ വഴിയോ പഞ്ചായത്ത് അംഗങ്ങൾ, ആശവർക്കർമാർ മുഖേനയോ രജിസ്ട്രേഷൻ നടത്താം. ഏകദേശം 3000 പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. രണ്ടാം ഘട്ട വാക്സിൻ മുൻഗണനാ ക്രമത്തിൽ നൽകും.

പഞ്ചായത്തിൽ ആംബുലൻസ് ഏർപ്പാടാക്കും. ആയൂർവേദം-ഹോമിയോ - അലോപ്പതി - മരുന്നകൾ വിതരണം ചെയ്യാനും അണുനശീകരണം നടത്താനുമുള്ള തീരുമാനങ്ങൾക്ക് യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി തുളസി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ രഞ്ജിത്ത് ചിങ്ങോലി, പഞ്ചായത്ത് അംഗങ്ങളായ നെബു, പ്രസന്നസുരേഷ്, ഇന്ദുലേഖ, ശോഭ ജയപ്രകാശ്, വിജിത, അൻസിയ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് എസ്.ചേപ്പാട് സ്വഗതവും, ഏഴാം വാർഡംഗം പ്രമീഷ് പ്രഭാകരൻ നന്ദിയും പറഞ്ഞു.