അമ്പലപ്പുഴ: സന്നദ്ധ പ്രവർത്തകർക്കെതിരെ സമൂഹമാദ്ധ്യമം വഴി അശ്ലീല പരാമർശം നടത്തിയെന്നാരോപിച്ച് ബി.ജെ.പി അനുഭാവിയും ചാനൽ ചർച്ചകളിലെ സാന്നിദ്ധ്യവുമായ ശ്രീജിത്ത് പണിക്കർക്കെതിരെ പരാതി. പുന്നപ്ര ഡോമിസിലറി സെന്ററിലെ സന്നദ്ധ പ്രവർത്തകയും ഡി.വൈ.എഫ്.ഐ അംഗവുമായ രേഖ പി.മോൾ പുന്നപ്ര സി.ഐക്ക് പരാതി നൽകി.

സന്നദ്ധപ്രവർത്തകരായ അശ്വിനും രേഖയും ചേർന്ന് വെള്ളിളിയാഴ്ച രാവിലെ കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച സംഭവം വാർത്തയായതിനു പിന്നാലെയാണ് ശ്രീജിത്ത് പണിക്കർ ഫേസ് ബുക്കിൽ ഇതുമായി ബന്ധപ്പെട്ട് അശ്ലീല ചുവയുള്ള പോസ്റ്റ് ഇട്ടത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹപ്രവർത്തകരെയാകെ തളർത്തുകയും അപമാനിക്കുകയും ചെയ്യുന്നതാണ് പോസ്റ്റ് എന്നും ഒരു വനിത എന്ന നിലയിൽ മാനസികമായി ഏറെ വിഷമിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. ഫേസ് ബുക്ക് പോസ്റ്റിന്റെ പകർപ്പു സഹിതമാണ് രേഖ പരാതി നൽകിയത്.