പൂച്ചാക്കൽ: സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ പെരുമ്പളം ദ്വീപിലെ യാത്രാ ക്ലേശം പരിഹരിക്കാൻ കളക്ടർ നിർദ്ദേശം നൽകിയതായി തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം.പ്രമോദ് അറിയിച്ചു.
നിയുക്ത എം.എൽ.എ മാർ, എം.പി, തദ്ദേശ സ്വയംഭരണ അദ്ധ്യക്ഷമാർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പെരുമ്പളം ദ്വീപിന്റെ പ്രത്യേകസാഹചര്യം കണക്കിലെടുത്താണ് യാത്രാ സംവിധാനം ഒരുക്കാനുള്ള തീരുമാനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും ഏക ആശ്രയമായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിയായത്. ഇനി മുതൽ രാവിലെയും വൈകിട്ടും ഒരോ സർവ്വീസ് കൂടി നടത്തും. ഇത് ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, ബാങ്ക് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കും മറ്റു അത്യാവശ യാത്രക്കർക്കും ആശ്വാസമാകും. നിത്യോപയോഗ സാധനങ്ങൾ പെരുമ്പളത്ത് എത്തിക്കുന്നതിന് ജങ്കാർ സർവ്വീസ് ഒരു ട്രിപ്പ് എങ്കിലും നിർബന്ധമാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ദ്വീപിലെ നിലവിലെ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ 50 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അടിയന്തരമായി തുടങ്ങാൻ ബ്ലോക്ക് പഞ്ചായത്ത് ഇടപെടും. പത്ത് ഓക്സിജൻ സിലണ്ടറുള്ള കിടക്കകളും മറ്റു സഹായങ്ങളും ബ്ലോക്ക് പഞ്ചായത്തിന് കളക്ടറുടെ ഫണ്ടിൽ നിന്ന് നൽകാനും തീരുമാനമായി.