ചേർത്തല: ഒറ്റമശ്ശേരിയിലെ രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്നതിനായി അടിയന്തിര ഇടപെടൽ നടത്തി നിയുക്ത ചേർത്തല എം.എൽ.എ പി. പ്രസാദ്. കഴിഞ്ഞ ദിവസവും ഇവിടെ കടലാക്രമണം രൂക്ഷമായിരുന്നു. ഇതോടെ കളക്ടറുമായി ബന്ധപ്പെട്ട് അടിയന്തര നടപടി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്നലെ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ നിർമ്മാണത്തിന് ആവശ്യമായ തുക കണക്കാക്കി അനുവദിച്ച് പുതിയ ടെൻഡർ നടപടികൾ വേഗം സ്വീകരിക്കാൻ തീരുമാനിച്ചു.
കടൽക്ഷോഭത്തിൽ വലയുന്ന ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും തീരുമാനമായി. എ.എം.ആരിഫ് എം.പിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.കടൽഭിത്തി നിർമ്മാണത്തിനായി ആറ് തവണ ടെൻഡർ വിളിച്ചിരുന്നെങ്കിലും അനുവദിച്ച തുക അപര്യാപ്തമാണെന്നതിനാൽ ടെൻഡർ ഏറ്റെടുക്കാൻ ആരും തയ്യാറായില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചിരുന്നു. തുടർന്നാണ് ആവശ്യമായ തുക കണക്കാക്കി അടിയന്തിരമായി ടെൻഡർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. ഒറ്റമശ്ശേരിയിലെ ജനങ്ങൾ ദീർഘനാളുകളായി അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കണ്ടെത്താന് തുടർന്നും ഇടപെടലുകൾ നടത്തുമെന്ന് പി.പ്രസാദ് പറഞ്ഞു.