തുറവൂർ: പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ ചരക്കു ലോറി ഡ്രൈവർമാർ തമ്മിലുള്ള തർക്കം പരിഹരിക്കാനായില്ല. ഇതു മൂലം ഇന്നലെയും തെക്കൻ ജില്ലകളിലേക്കുള്ള കാലിത്തീറ്റ വിതരണം നിലച്ചു.

വെള്ളിയാഴ്ച രാവിലെ ഫാക്ടറിയിൽ കാലിത്തീറ്റ കയറ്റാനെത്തിയ ലോറികൾ തടഞ്ഞ് പ്രാദേശിക ഡ്രൈവർമാർ പ്രതിഷേധിച്ചിരുന്നു. കാലിത്തീറ്റ വിതരണത്തിന്റെ കരാർ ഏറ്റെടുത്ത വ്യക്തി മുൻപ് പ്രദേശത്തെ ലോറി ഡ്രൈവർമാരെ ഓട്ടം വിളിക്കുമായിരുന്നു.എന്നാൽ മുൻപത്തെക്കാളും കുറഞ്ഞ നിരക്കിൽ നിലവിലെ വിതരണക്കാരന് കരാർ പുതുക്കേണ്ടി വരികയും നഷ്ടക്കണക്കിന്റെ പേരിൽ പ്രാദേശിക ലോറികളെ ഒഴിവാക്കുകയും ചെയ്തു. ഇതിന്റെ പേരിലാണ് ഡ്രൈവർമാർ ലോറി തടഞ്ഞത്. തുടർന്ന് കുത്തിയതോട് പൊലീസും മിൽമ അധികൃതരും സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും സമവായമായില്ല.

പ്രശ്നം പരിഹരിക്കാൻ ഇന്നലെയും ചർച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. എന്നാൽ നിലവിലെ പ്രശ്നം പരിഹരിച്ചാലേ ഫാക്ടറിയിൽ നിന്നുള്ള കാലിത്തീറ്റ വിതരണം മുഴുവൻ ജില്ലകളിലേക്കും നടത്താൻ അനുവദിക്കുകയുള്ളൂവെന്നാണ് തൊഴിലാളികൾ പറയുന്നത്. നാളെ വീണ്ടും.ചർച്ച നടത്തുമെന്ന് മിൽമ അധികൃതർ പറഞ്ഞു. ലോഡുകൾ കയറിപ്പോയില്ലെങ്കിൽ കാലിത്തീറ്റ വിതരണം താറുമാറാകും. വിതരണം നടന്നില്ലെങ്കിൽ ഉത്പാദനത്തിന്റെ അളവു കുറയ്ക്കേണ്ടി വരുമെന്നാണ് മിൽമ മാനേജ്മെന്റ് പറയുന്നത്