ആലപ്പുഴ: സ്വകാര്യ മില്ലുടമകളുമായുള്ള നെല്ലു സംഭരണ കരാർ കാലാവധി സിവിൽ സപ്ളൈസ് വകുപ്പ് നീട്ടി നൽകിയെങ്കിലും കിഴിവിന്റെ പേരിലുള്ള തർക്കം തീരാത്തതിനാൽ 37,000 ടൺ നെല്ല് വിവിധ പാടശേഖരങ്ങളിലായി കെട്ടിക്കിടക്കുന്നു. കരാർ പുതുക്കിയതിന് ശേഷം മില്ലുകാർ ഒരുദിവസം മാത്രമാണ് നെല്ല് സംഭരിച്ചത്. വേനൽമഴയും പുറം തോടുകളിലെ ജലനിരപ്പ് ഉയരുന്നതുമാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്.
ഏപ്രിൽ 30ന് അവസാനിച്ച കരാർ പുതുക്കാതെ നെല്ലു സംഭരണം തുടരില്ലെന്ന പിടിവാശിയിലായിരുന്നു മില്ലുടമകൾ. ഇതു പരിഹരിച്ചപ്പോഴാണ് കിഴിവിൽ കടിച്ചുതൂങ്ങിയത്. പൊള്ളുന്ന വെയിലിൽ ഏപ്രിൽ 15ന് മുമ്പ് കൊയ്ത നെല്ലിനാണ് കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നത്. തുടക്കം മുതലേ രണ്ടു മുതൽ അഞ്ചുകിലോ വരെ കിഴിവിലാണ് കർഷകർ നെല്ല് നൽകിയിരുന്നത്. എന്നാൽ ഏഴുമുതൽ 15 കിലോ വരെ നെല്ലാണ് കിന്റലിന് മില്ലുടമകൾ ആവശ്യപ്പെടുന്നത്. വേനൽ മഴ കടുക്കുന്നതിനാൽ ഈർപ്പം കലർന്ന് നെല്ല് നശിക്കുമോയെന്ന ഭയത്തിലാണ് കർഷകർ. കൊവിഡ് നിയന്ത്രണത്തിൽ നെല്ല് സംഭരണത്തിന് ഇളവ് അനുവദിച്ചിട്ടും മില്ലുടമകൾ മനസാക്ഷിയില്ലാത്ത നിലപാടാണ് സ്വീകരിക്കന്നതെന്ന് കർഷകർ ആരോപിക്കുന്നു. സംഭരണത്തിനായി ധാരാണാ പത്രം ഒപ്പിട്ട 46 മില്ലുകളിൽ പകുതിപോലും ഇപ്പോൾ രംഗത്തില്ല. കാലടിയിൽ നിന്നുള്ള മില്ലുടമകൾ സംഭരണത്തിൽ നിന്ന് പിൻമാറിയ നിലയാണ്. പാലക്കാട് നിന്നുള്ള ചിലമില്ലുകാർ മാത്രമാണ് സംഭരണ രംഗത്തുള്ളത്.
വിളവെടുപ്പ് പൂർത്തീകരിച്ച കാവാലം പഞ്ചായത്തിലെ മംഗലം, മാണിക്യമംഗലം കായൽനിലങ്ങളിലേയും കൈനകരി, പുളിങ്കുന്ന്, വീയപുരം, തകഴി പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിലെയും നെല്ലാണ് വേനൽ മഴ ഭീഷണിയിലുള്ളത്. കിഴിവിന് പുറമേ കർഷകർ നെല്ല് സ്വന്തം ചെലവിൽ ചാക്കിൽ നിറയ്ക്കണമെന്ന പിടിവാശിയിലാണ് മില്ലുകാർ. ഇതാണ് ഇവിടങ്ങളിൽ സംഭരണം മുടങ്ങിയത്. ഭൂരിഭാഗം പാടശേഖരങ്ങളുടെയും മദ്ധ്യഭാഗത്താണ് നെല്ല് കൂട്ടിയിട്ടിരിക്കുന്നത്. അടുത്ത ദിവസം തണ്ണീർമുക്കം ബണ്ട് തുറക്കുകയും വേനൽ മഴ ശക്തമാവുകയും ചെയ്താൽ പുറംബണ്ട് ബലപ്പെടുത്താത്ത പാടശേഖരങ്ങളിൽ മടവീഴ്ചയ്ക്ക് സാദ്ധ്യത ഏറെയാണ്.
200 ഹെക്ടർ ബാക്കി
പുഞ്ചക്കൃഷി ഇറക്കിയ 200 ഹെക്ടറിൽ കൂടി വിളവെടുപ്പ് പൂർത്തീകരിക്കാനുണ്ട്. 1000 മെട്രിക് ടൺ നെല്ല് കൂടി കൊയ്തെടുക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. മഴയും ബണ്ട് തുറക്കലുമുണ്ടായാൽ താഴ്ന്ന നിലങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാനാവാത്ത സ്ഥിതിയുണ്ടാവും. ബണ്ട് തുറക്കുന്നതിന് മുമ്പ് വിളവെടുപ്പും നെല്ല് സംഭരണവും പൂർത്തീകരിച്ചില്ലെങ്കിൽ കർഷകരുടെ അദ്ധ്വാനം വെള്ളത്തിലാകും.
.............................
നെല്ല് സംഭരണവും വിളവെടുപ്പും പൂർത്തീകരിക്കും വരെ തണ്ണീർമുക്ക് ബണ്ട് തുറക്കരുത്. കുട്ടനാട് കാർഷിക മേഖലയിൽ കെട്ടിക്കിടക്കുന്ന നെല്ല് അടിയന്തരമായി ഒരാഴ്ചക്കുള്ളിൽ സംഭരിക്കണം
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ
...............................................
27,532 ഹെക്ടർ: പുഞ്ചക്കൃഷി ഇറക്കിയ വിസ്തൃതി
200 ഹെക്ടർ: കൊയ്ത്ത് ബാക്കിനിൽക്കുന്നത്
1000 മെട്രിക് ടൺ: പ്രതീക്ഷിക്കുന്ന നെല്ല്