t

ആലപ്പുഴ: കൊവിഡ് രോഗികളുടെ എണ്ണം കുതിക്കവേ, ആരോഗ്യപ്രവർത്തകർക്കിടയിൽ ഏറ്റവുമധികം രോഗസാദ്ധ്യതയുള്ളൊരു വിഭാഗമായി മാറിയിരിക്കുകയാണ് 'കൊവിഡ് മുന്നണിപ്പോരാളി'കളായ സംസ്ഥാനത്തെ ആശ വർക്കർമാർ. താഴേത്തട്ടിലുള്ള രോഗികളുമായി നിരന്തരം ബന്ധപ്പെടേണ്ടി വരുന്ന തങ്ങൾ രാപ്പകൽ ചെയ്യുന്ന ജോലിക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്നതാണ് രോഗഭീഷണിയിലും ഇവരുടെ നിരാശ.

പോസിറ്റീവ് കേസുകൾ കൂടുന്ന വാർ‌ഡുകളിൽ പിടിപ്പത് പണിയാണ് ആശമാർക്ക്. ആവശ്യത്തിന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരില്ലാത്തതിനാൽ അവരുടെ ജോലിയും വാർ‌‌ഡ് തലത്തിൽ ഏറ്റെടുക്കേണ്ടി വരും. കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ഒരോ വീട്ടിലും നേരിട്ടെത്തി രോഗികളുടെ സ്ഥിതിവിവരങ്ങൾ രേഖപ്പെടുത്തേണ്ട ചുമതലയും ആശമാരുടേതാണ്. പി.എച്ച്.സികളിൽ നിന്ന് മരുന്ന് ശേഖരിച്ച് രോഗിക്ക് എത്തിക്കണം. വൈറസിന് ജനിതക മാറ്റം വന്നതോടെ രോഗികളുടെ ബുദ്ധിമുട്ടുകൾ വർദ്ധിച്ചിട്ടുണ്ട്. ഓരോ ദിവസവും ഓരോ അസുഖങ്ങളാണ് പലരും പറയുന്നത്. ഇതനുസരിച്ച് ആവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചുകൊടുക്കണം.

ഒരു പോസിറ്റീവ് രോഗി ഉപയോഗിച്ചിരുന്ന ഓക്സീമീറ്റർ അണുനശീകരണം നടത്തിവേണം അടുത്ത രോഗിക്ക് നൽകാൻ. കൂടാതെ തങ്ങളുടെ പരിധിയിൽ പ്രതിരോധ വാക്സിൻ സ്വീകരിക്കാനുള്ളവരുടെ മുൻഗണന പട്ടികയും തയ്യാറാക്കണം. നിരന്തരം രോഗികളുമായി അടുത്തിടപഴകേണ്ടി വരുന്നത് മൂലം പല ആശമാരും കൊവിഡ് പോസിറ്റീവാകുന്നുണ്ട്. എന്നാൽ കൊവിഡ് മുന്നണിപ്പോരാളിയെന്ന പരിഗണന സി.എഫ്.എൽ.ടി.സികളിൽ പോലും തങ്ങൾക്ക് ലഭിക്കാറില്ലെന്ന് ഇവർ പറയുന്നു.

സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നവരോട് ക്വാറന്റൈൻ ആവശ്യപ്പെടുമ്പോഴും പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കുമ്പോഴും, ആളുകൾ തട്ടിക്കയറുന്നത് ആശമാരോടാണ്.

# ഭാരമുള്ള ജോലി

 കൊവിഡ് പ്രതിരോധത്തിനൊപ്പം ഫിവർ സർവ്വേയും

 ഓരോ ആശയും തങ്ങളുടെ പരിധിയിലെ വീടുകളിലെത്തി കാര്യങ്ങൾ അന്വേഷിക്കണം

 അന്യസംസ്ഥാനക്കാരെ കണ്ട് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കണം

 വീടുകളിൽ ക്വാറന്റൈനിലുള്ളവർ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം

 എല്ലാ വിശദാംശങ്ങളും സമയാസമയം അധികൃതരിൽ എത്തിക്കണം

.....................................

₹ 5,000: ആശമാരുടെ പ്രതിമാസ വേതനം
.......................................

അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആശ. 2005ൽ ആയിരുന്നു രൂപീകരണം.

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിനു കീഴിലാണ് പ്രവർത്തനം. ആരോഗ്യസംബന്ധമായ വിവരശേഖരണം പ്രധാന ദൗത്യം.

ഒപ്പം ഗർഭകാല പരിചരണം, നവജാത ശിശുക്കളുടെ പരിചരണം എന്നിവയുമുണ്ട്.

........................................

 ന്യായമല്ല വേതനം

കൊവി‌ഡ് വ്യാപകമായതോടെ സമയക്രമം നോക്കാതെയാണ് മിക്ക ആശമാരും പ്രവർത്തിക്കുന്നത്. നിലവിൽ പ്രതിമാസ ഓണറേറിയം 5000 രൂപയും കൊവിഡ് അലവൻസായി 1000 രൂപയുമാണ് ലഭിക്കുന്നത്. എന്നാൽ തങ്ങളുടെ സേവനത്തിന് തക്ക പ്രതിഫലമല്ല ഇതെന്നാണ് ആശമാരുടെ പരാതി. മാനദണ്ഡങ്ങളുടെ പേരിൽ പലപ്പോഴും ഓണറേറിയം വെട്ടിക്കുറയ്ക്കാറുണ്ടെന്നും പരാതിയുണ്ട്.

................................

അത്യാസന്ന നിലയിലുള്ള രോഗിയെ കൊണ്ടുപോകാനെത്തിയ ആംബുലൻസിന് കടന്നുവരാൻ കണ്ടെയ്ൻമെന്റ് സോണിലെ വേലി പൊളിക്കുകയും പിന്നീട് കെട്ടുകയും അടക്കമുള്ള ജോലിവരെ ചെയ്യേണ്ടി വരുന്നുണ്ട്. നിരന്തരം രോഗികളുമായി ഇടപെടുമ്പോൾ രോഗഭീഷണിയും ഏറെ. ഈ സാഹചര്യത്തിലും സേവനം ചെയ്യാൻ ഞങ്ങൾ സന്നദ്ധരാണ്. പി.എച്ച്.സികളിലെ ജീവനക്കാർ നൽകുന്ന പിന്തുണ മാത്രമാണ് ആശ്വാസം. ജനങ്ങളിൽ ഭൂരിഭാഗവും നിസഹകരണ മനോഭാവമാണ് തുടരുന്നത്

സ്മിത അനിൽ, ആശാപ്രവർത്തക, കരുവാറ്റ