ആലപ്പുഴ: കുടുംബശ്രീ വനിതാ അണുനശീകരണ സംഘങ്ങൾക്ക് തിരക്കോട് തിരക്കായിരുന്നു കഴിഞ്ഞ ഒരുമാസക്കാലം. കൊവിഡ് രണ്ടാംതരംഗം വിശ്രമമില്ലാത്ത നാളുകളാണ് ഈ പെൺസേനയ്ക്ക് നൽകിയത്. ഇപ്പോൾ ലോക്ക് ഡൗൺ വന്നതോടെ തിരക്കിന് ചെറിയ കുറവ് വന്നുവെന്ന് ഇവർ പറയുന്നു.
കൊവിഡ് വീണ്ടും വ്യാപിച്ചതോടെ കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ കുടുംബ ശ്രീ സംഘം അണുനശീകരണം നടത്തി.
നിലവിൽ ജില്ലയിൽ 12 ബ്ലോക്കുകളിലായി 16 സംഘങ്ങളാണ് അണുനശീകരണ പ്രവർത്തനങ്ങൾക്കുള്ളത്. പൊതുസ്ഥലം, സ്ഥാപനങ്ങൾ, വീടുകൾ, വാഹനങ്ങൾ, ഓഡിറ്റോറിയങ്ങൾ, സ്കൂളുകൾ തുടങ്ങി എല്ലാം ഇവർ അണുവിമുക്തമാക്കും. സ്ഥാപനങ്ങളിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ സ്ഥാപനം നിശ്ചയമായും അണുവിമുക്തമാക്കണമെന്ന് സർക്കാർ നിർദേശമുള്ളതാണ്. അതുപോലെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകൾ നടക്കുകയാണെങ്കിൽ ചടങ്ങിന് മുമ്പും ശേഷവും വീട് അണുവിമുക്തമാക്കണം.
അഞ്ചുമുതൽ എട്ടുപേർ വരെയാണ് ഒരു സംഘത്തിലുണ്ടാവുക. അണുവിമുക്തമാക്കുന്ന പ്രതലത്തിന് അനുസരിച്ച് ചതുരശ്ര അടിക്കാണ് ഇവരുടെ നിരക്ക് തീരുമാനിച്ചിരിക്കുന്നത്. പലതരത്തിലുള്ള അണുനശീകരണത്തിന് 1.85 രൂപമുതൽ അഞ്ചുരൂപവരെ വിവിധ നിരക്കുകളുണ്ട്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ കുടുംബശ്രീയും അഗ്നിരക്ഷാ സേനയും ചേർന്ന് മൂന്നുദിവസം സംഘങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. അണുവിമുക്ത ലായിനി മിശ്രിതം തയ്യാറാക്കുന്നതും പമ്പ് സെറ്റ് ഉപയോഗവും ഇതിലൂടെ പഠിച്ചു. ഉപകരണങ്ങളും യൂണിഫോമും കുടുംബശ്രീ ഫണ്ട് ഉപയോഗിച്ച് ജില്ലാ മിഷൻ തന്നെ ഇവർക്ക് നൽകി. ബാക്കി ചെലവുകൾ വരുമാനത്തിൽ നിന്ന് നടക്കും. നിർദ്ധന കുടുംബങ്ങൾക്ക് പ്രതിഫലം ഈടാക്കാതെയും അംഗങ്ങൾ അണുനശീകരണം നടത്തികൊടുക്കുന്നുണ്ട്.
സാമൂഹ്യ സേവനത്തിനൊപ്പം നിർദ്ധനരായ കുടുംബശ്രീ അംഗങ്ങൾക്ക് ഇതിലൂടെ ജീവിത മാർഗം കണ്ടെത്താനാകും. അഗ്നിരക്ഷാ സേന ഉപയോഗിക്കുന്ന സോഡിയം ഹൈപ്പോ ക്ലോറൈറ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. സാധാരണ ഒരു ലിറ്റർ വെള്ളത്തിൽ 30 മില്ലി സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ചേർത്താണ് മിശ്രിതം തയ്യാറാക്കുന്നത്. പ്രതലത്തിന്റെ വിസ്തീർണം അനുസരിച്ച് അളവിൽ വ്യത്യാസം വരാം - ജെ.പ്രശാന്ത്ബാബു, കുടുംബശ്രീ
ജില്ലാ മിഷൻ കോ ഓഡിനേറ്റർ
നിരക്കുകൾ (ചതുരശ്ര അടിക്ക്)
സ്ഥാപനങ്ങൾ - 1.85 രൂപമുതൽ 3.80 വരെ
കാർ, ജീപ്പ് - 450 മുതൽ 550 രൂപവരെ
വാൻ, മിനി ബസ് - 950 മുതൽ 1200 രൂപവരെ
ബസ്, ട്രക്ക് - 1200 മുതൽ 1500 രൂപവരെ
ബന്ധപ്പെടാൻ
മാവേലിക്കര: 9544294764
വെളിയനാട്: 9544020554
കഞ്ഞിക്കുഴി: 8943260594
ഹരിപ്പാട്: 9745528563
ഭരണിക്കാവ്: 9745779665
മുതുകുളം: 9526132238
തൈക്കാട്ടുശേരി: 8943028766
ചമ്പക്കുളം: 8593056736
അമ്പലപ്പുഴ: 8943931442
പട്ടണക്കാട്: 9995396427
ആര്യാട്: 9400158978
ആലപ്പുഴ വടക്ക്: 9249266764