അമ്പലപ്പുഴ: പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയ വൃക്കരോഗിയായ ഗൃഹനാഥനെ പൊലീസ് തല്ലിച്ചതച്ചതായി പരാതി. പുറക്കാട് പഞ്ചായത്ത് ഏഴാം വാർഡ് ബണ്ടുചിറ വീട്ടിൽ ബിനുവിനാണ് (48) മർദ്ദനമേറ്റത്. ലാത്തികൊണ്ടുള്ള അടിയിൽ കൈകാലുകൾക്കും വയറിനും നടുവിനും മുറിവേറ്റ ബിനു അമ്പലപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഞായറാഴ്ച രാവിലെ ഏഴോടെ തോട്ടപ്പള്ളി സ്പിൽവേയ്ക്കു സമീപത്തായിരുന്നു സംഭവം. ഉൾനാടൻ മത്സ്യത്തൊഴിലാളിയായ ബിനു പുലർച്ചെ പിടിച്ച മത്സ്യം സമീപത്തെ ലേലച്ചന്തയിലെത്തി വിറ്റു. പിന്നീട് വീട്ടിലേക്ക് ആവശ്യമായ അരിയും മറ്റു സാധനങ്ങളും സ്ഥിരമായി വാങ്ങുന്ന കടയിലെത്തിയെങ്കിലും തുറന്നിരുന്നില്ല. കട ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ എത്തുമെന്നറിയിച്ചതിനെ തുടർന്ന് കാത്തുനിൽക്കുമ്പോഴാണ് അമ്പലപ്പുഴ പൊലീസ് ജീപ്പിൽ സ്ഥലത്തെത്തിയത്. ലാത്തിയുമായി ചാടിയിറങ്ങിയ എസ്.ഐ ഹാഷിം ക്രൂരമായി അടിക്കുകയായിരുന്നെന്ന് ബിനു പറഞ്ഞു. കടുത്ത പ്രമേഹരോഗിയായ ബിനുവിന് ദേഹത്ത് മുറിവുണ്ടായാൽ പഴുത്ത് വ്രണമാകാറുണ്ട്. വൃക്ക രോഗിയുമാണ്. മുമ്പ് മുറിവുണ്ടായതിനെ തുടർന്ന് വലതു കൈവിരലുകളിലൊന്ന് മുറിച്ചു മാറ്റിയിരുന്നു. ലാത്തിയടിയേറ്റ മുറിവുകൾ പഴുക്കുമെന്ന് ഭയക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. എസ്.ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നും മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും ബിനു പറഞ്ഞു. സംഭവത്തെപ്പറ്റി പൊലീസ് പ്രതികരിച്ചില്ല.