sonal

കുട്ടനാട്: ചോര നീരാക്കി പണിയെടുത്ത പാടത്ത് വിളഞ്ഞ നെല്ലു വിറ്റപ്പോൾ കിട്ടിയ ലാഭം കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയ കർഷകൻ നാടിന്റെ നൻമയുടെ നേർസാക്ഷ്യമായി.

തകഴി കൃഷിഭവന് കീഴിലെ 126 ഏക്കർ വരുന്ന കൊല്ലനടി പാടശേഖര സമിതി പ്രസിഡന്റ് തകഴി കുന്നുമ്മ പുലിമുഖം സോണൽ നെറോണയാണ് (57) പഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാറിന്റെ ദുരിതാശ്വാസനിധിയിലേക്ക് 1.06 ലക്ഷം രൂപ സംഭാവന നൽകിയത്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സാമ്പത്തികമില്ലാതെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക ദുഷ്‌കരമായിത്തീർന്ന സാഹചര്യത്തിൽ പഞ്ചായത്ത് കമ്മിറ്റി കൂടി പ്രത്യേക ദുരിതാശ്വാസ നിധിക്ക് രൂപം നൽകുകയായിരുന്നു. തുടർന്ന് പ്രസിഡന്റ് നേരിട്ട് വിളിച്ച് സഹായമഭ്യർത്ഥിച്ച ഉടൻ 25,000 രൂപ സോണൽ നെറോണ വാഗ്ദാനം ചെയ്യുകയായിരുന്നു. പിന്നീടാണ് തന്റെ ഒരു വർഷത്തെ നേട്ടം മുഴുവൻ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെ ഗ്രാമപഞ്ചായത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രസിഡന്റ് അജയകുമാറിന് തുക കൈമാറി.