ആലപ്പുഴ: നഗരത്തിലെ 50,000 വീടുകൾക്കും സാനിട്ടൈസർ,ബ്ളീച്ചിംഗ് പൗഡർ,അണുനശീകരണ ലോഷൻ എന്നിവ നൽകാനും ഓരോ വാർഡിൽ നിന്നും 5 വോളണ്ടിയർമാരെ പങ്കെടുപ്പിച്ച് വോളണ്ടിയർ സേന രൂപീകരിക്കാനും നഗരസഭ ശ്മശാനത്തിൽ സംസ്കാരത്തിന് അധിക സംവിധാനങ്ങൾ ഏർപ്പെടുത്താനും നഗരസഭയിൽ ചേർന്ന പ്രത്യേക കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.

നിലവിലുള്ള 3 ആംബുലൻസുകൾക്ക് പുറമേ അടിയന്തിര ആവശ്യങ്ങൾക്കായി 2 വാഹനങ്ങൾ കൂടി സജ്ജമാക്കും. ഒരു വാർഡിൽ 2 എന്ന ക്രമത്തിൽ പൾസ് ഓക്സി മീറ്റർ വാങ്ങും. മഴക്കാല പൂർവ്വ ശുചീകരണം ഊർജ്ജിതപ്പെടുത്തും. വാർഡുതല ജാഗ്രതാ സമിതിയിലെ അംഗങ്ങൾക്ക് സുരക്ഷാ സാമഗ്രികൾ വാങ്ങി നൽകാനും തീരുമാനമായി. നഗരസഭ ചെയർ പേഴ്സൺ സൗമ്യരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയുക്ത എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ,എച്ച്.സലാം, വൈസ് ചെയർമാൻ പി.എസ് എം. ഹുസൈൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, കെ.ബാബു, ബിന്ദു തോമസ്, ആർ.വിനീത പാർലമെന്ററി കക്ഷി നേതാക്കളായ എം.ആർ.പ്രേം, ഇല്ലിക്കൽ കുഞ്ഞുമോൻ, ബി. നസീർ, ഹരികൃഷ്ണൻ, പി. രതീഷ്,സലിം മുല്ലാത്ത് എച്ച്.ഒ കെ.പി. വർഗീസ്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.