ചേർത്തല: കഞ്ഞിക്കുഴി ഗ്രാമ പഞ്ചയത്തിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് ബാധിതരുടെ വീടുകളിലെ മൃഗങ്ങളെ സംരക്ഷിക്കാനായി ആരംഭിച്ച ആനിമൽ ഡേ കെയർ സെന്ററിലേക്ക് അതിഥികൾ എത്തിത്തുടങ്ങി.
ഏഴാം വാർഡ് ഇത്തിപ്പള്ളിയിൽ അനിരുദ്ധ പണിക്കരുടെ വീട്ടിലെ കറവപ്പശുക്കളെയാണ് ഇന്നലെ ഡേകെയർ സെന്ററിലേക്ക് മാറ്റിയത്. ചെയർമാൻ കെ.എൻ.കാർത്തികേയന്റെയും കൺവീനർ ടി.എൻ.വിശ്വനാഥന്റെയും പഞ്ചായത്തു വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാറിന്റെയും നേതൃത്വത്തിലാണ് വീട്ടിലെത്തി പശുക്കളെ വാഹനത്തിൽ ഡേ കെയർ സെന്ററിൽ കൊണ്ടുവന്നത്. കാലിത്തീറ്റയും പച്ചപ്പുല്ലും പഞ്ചായത്ത് ഏർപ്പാട് ചെയ്തിട്ടുണ്ട്. പാൽ കറന്ന് ക്ഷീര സംഘത്തിൽ എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പുത്തൻവെളി സാംബനാണ് പശുക്കളെ സംരക്ഷിക്കുന്നത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പഞ്ചായത്ത് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. വെറ്ററിനറി സർജൻ ഡോ.എസ്.ജയശ്രീയുടെ സേവനവും ഇവിടെ ഉണ്ടാകും.