കായംകുളം: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കായംകുളത്ത് സി.എഫ്.എൽ.ടി.സി തുറക്കാനും നഗരസഭയിലെ മുഴുവൻ പേർക്കും വാക്സിൻ നൽകാനുള്ള നടപടികൾ സ്വീകരിക്കാനും കൊവിഡ് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു.
വാർഡുകളിലേക്ക് 5 വീതം പൾസ് ഓക്സീമീറ്റർ വീതം വാങ്ങും. ഓരോ വാർഡിൽ നിന്നും 2 സന്നദ്ധസേനാംഗങ്ങളെ വീതം നിയോഗിക്കും. അടിയന്തിര സാഹചര്യം വന്നാൽ സി.എഫ്.എൽ.ടി.സി ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സൗകര്യങ്ങൾ ഒരുക്കിയെടുക്കുന്നതിന് വില്ലേജ് ഓഫീസറേയും ഹെൽത്ത് സൂപ്പർവൈസറേയും ചുമതലപ്പെടുത്തി.
വാർഡിലെ എല്ലാവർക്കും ഫസ്റ്റ് ഡോസ് വാക്സിൻ നൽകാനുള്ള സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ കൂടുതൽ വാഹന സൗകര്യം ലഭ്യമാക്കും.
റംസാൻ പ്രമാണിച്ച് ഇറച്ചി വ്യാപാരം നടത്തുന്നവർക്ക് ലൈസൻസുണ്ടോ എന്നതും കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കാൻ ഹെൽത്ത് സൂപ്പർവൈസറെ ചുമതലപ്പെടുത്തി. കൊവിഡ് രോഗികൾക്ക് ആഹാരം ആവശ്യമായവരുടെ ലിസ്റ്റ് തയ്യാറാക്കി നൽകാൻ വാർഡ് കൺസിലറേയും, ജാഗ്രതാ സമിതിയേയും ചുമതലപ്പെടുത്തി. ഇവർക്കുള്ള ആഹാരം ജനകീയ ഹോട്ടൽ വഴി എത്തിക്കും.
ഭക്ഷണ ലഭ്യത കൂടുന്നതനുസരിച്ച് കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങും. ഡി.സി.സിയിലും താലൂക്ക് ആശുപത്രിയിലും ആവശ്യാനുസരണം ഒക്സിജൻ സിലിണ്ടറുകൾ എത്തിക്കും. ടെലിമെഡിസിൻ സേവനത്തിന് ഹെൽപ്പ് ഡെസ്ക് വഴി 2 ഡോക്ടർമാരുടെ സഹായത്തോടെയുള്ള പ്രവർത്തനം തുടങ്ങും. വാർഡുകളിൽ വാക്സിൻ എടുക്കേണ്ടവരുടെ ലിസ്റ്റ് (ഒന്നും, രണ്ടും ഡോസ്) പ്രത്യേകം തയ്യാറാക്കാൻ ആശാവർക്കർമാരെ ചുമതലപ്പെടുത്തി.