ഹരിപ്പാട്: കൊവിഡ് ദുരിതം അനുഭവിച്ചു വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർക്ക് മരുന്നും ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും എത്തിച്ചുനൽകാൻ എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ കൗൺസിൽ തീരുമാനിച്ചു.
യൂണിയന്റെയും ശാഖകളുടെയും സഹായത്തോടെ ഓരോ ശാഖയിലെയും വോളണ്ടിയർമാർ കൊവിഡ് ബാധിത വീടുകളിൽ സഹായങ്ങളെത്തിക്കും. പദ്ധതിയുടെ യൂണിയൻതല സഹായം ചിങ്ങോലി 263- നമ്പർ ശാഖാ ഭാരവാഹികൾക്ക് നൽകിക്കൊണ്ട് എസ്. സലികുമാർ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. അശോകൻ അദ്ധ്യക്ഷനായ ചടങ്ങിൽ യൂണിയൻ കൗൺസിലർ അഡ്വ. യു. ചന്ദ്രബാബു, ശാഖാ പ്രസിഡന്റ് ഇൻ ചാർജ് ഡി. സുഗതൻ, സെക്രട്ടറി എച്ച്. സുരേഷ് എന്നിവർ പങ്കെടുത്തു. നിലവിൽ കോവിഡ് ഹെൽപ് ഡെസ്ക് വഴി വാക്സിനേഷൻ രജിസ്ട്രേഷൻ, രോഗികൾക്കും കുടുംബങ്ങൾക്കും ഉള്ള കൗൺസിലിംഗ്, രോഗസംബന്ധമായ സംശയ നിവാരണം എന്നിവ നടക്കുന്നുണ്ട്. ഡോ. സോമനാഥൻ, ഡോ. നിഖിൽ കൃഷ്ണൻ എന്നിവരാണ് സംശയദൂരീകരണം നടത്തുന്നത്.