ആലപ്പുഴ: മഴക്കാലപൂർവ മുന്നൊരുക്കം ശക്തമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും കളക്ടർ എ.അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്യോഗസ്ഥതല ഓൺലൈൻ യോഗം നി​ർദ്ദേശം നൽകി​.

തോട്ടപ്പള്ളി, അന്ധകാരനഴി അടക്കമുള്ള പൊഴികളിലെ മണ്ണ് അവശ്യഘട്ടത്തിൽ മാറ്റുന്നതിന് മുന്നൊരുക്ക നടപടി സ്വീകരിക്കാനും ജില്ലയിലെ മറ്റ് ചെറിയ പൊഴികൾ മുറിക്കുന്നതിനുള്ള പട്ടിക തയാറാക്കാനും മേജർ-മൈനർ ഇറിഗേഷൻ വകുപ്പുകൾക്ക് നിർദേശം നൽകി. തോട്ടപ്പള്ളിയിലെ ഷട്ടറുകളുടെ പ്രവർത്തനം യോഗം വിലയിരുത്തി. കടലാക്രമണ ഭീഷണി നേരിടുന്നതിന് ബയോഡീഗ്രേഡബിൾ ബാഗുകൾ വാങ്ങുന്നതിന് നടപടിയെടുക്കും. കുടിവെള്ള വിതരണം തടസപ്പെടാതിരിക്കാൻ വൈദ്യുതി മുടക്കം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടീവ് എൻജിനീയറോട് നിർദേശിച്ചു. വെള്ളപ്പൊക്കമടക്കമുള്ള പ്രകൃതിദുരന്തങ്ങളുണ്ടായാൽ വളർത്തുമൃഗങ്ങളെ സംരക്ഷിക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തിവയ്ക്കാൻ ജില്ല മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി.

തഹസീൽദാർമാർമാർ അതത് പ്രദേശത്തെ വില്ലേജ് ഓഫീസർമാരുടെ യോഗം അടിയന്തരമായി വിളിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനുള്ള മുന്നൊരുക്കം നടത്തണം. താലൂക്ക് ഓഫീസുകളിലെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഊർജിതമാക്കാനും കളക്ടർ നിർദ്ദേശം നൽകി. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.