ചേർത്തല: ലോക്ക്ഡൗൺ കാലത്ത് പുറത്തിറങ്ങാൻ കഴിയാത്തവർക്കായി വീട്ടിലിരുന്നു ഡോക്ടറെ കണ്ട് മരുന്നു വാങ്ങാൻ കഴിയുന്ന സംവിധാനമൊരുക്കി കഞ്ഞിക്കുഴിയിലെ കെ.കെ. കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി. ഇതിനായി വിവിധ മേഖലകളിലെ പ്രശസ്തരായ ഡോക്ടറർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
പ്രത്യേക ആപ്ലിക്കേഷനിലൂടെ വീഡിയോ കോൺഫറൻസു വഴി ഡോക്ടർമാരുമായി രോഗികൾക്ക് സംസാരിക്കാം. കിടപ്പു രോഗികളുടെ വീട്ടിലെ അംഗങ്ങൾക്ക് ഫോണിൽ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇതിനായി സാങ്കേതിക ടീമിനേയും ഒരുക്കിയിട്ടുണ്ടന്ന് ചെയർമാൻ എസ്.രാധാകൃഷ്ണൻ പറഞ്ഞു. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ എത്തിച്ചു നൽകാനുള്ള സംവിധാനവും ഉണ്ടാകും. വാർഡിലെ ആരോഗ്യ വോളണ്ടിയർമാർ മുഖേന സേവനം വീടുകളിൽ എത്തിച്ചു നൽകും. ആയിരത്തിനടുത്ത് കിടപ്പു രോഗികളാണ് സൊസൈറ്റിയുടെ പ്രവർത്തന പരിധിയായ നാലു പഞ്ചായത്തുകളിലായി ഉള്ളത്.