ആലപ്പുഴ: പ്രണതിച്ചും കലഹിച്ചും വേർപിരിഞ്ഞും ജീവിതം തന്നെ 'സമര പോരാട്ട'മാക്കി മാറ്റിയ കെ.ആർ. ഗൗരിഅമ്മയും ഭർത്താവ് ടി.വി. തോമസും ഇനിയങ്ങോട്ട് കൈയകലെ ദൂരത്തുണ്ടാവും, ഒരു ശക്തിക്കും വേർപെടുത്താനാവാത്ത വിധം.
ആലപ്പുഴ വലിയ ചുടുകാട്ടിൽ ടി.വി. തോമസ് അന്ത്യവിശ്രമം കൊള്ളുന്ന ചുവന്ന മണ്ണിൽ അദ്ദേഹത്തിന്റെ ചാരത്തായി ഉറങ്ങണമെന്ന് ഗൗരിഅമ്മ ഏറെ നാളുകൾക്കിപ്പുറം ആഗ്രഹിച്ചിരുന്നു. ഒടുവിൽ ഗൗരിഅമ്മ ആഗ്രഹിച്ചതുപോലെ അത് നടന്നു, ടി.വി. തോമസിനു കൂട്ടായി ഇന്നലെ ചാത്തനാട് കളത്തിപ്പറമ്പിൽ വീടിന്റെ പടിയിറങ്ങി പ്രിയതമയെത്തി.
കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമല്ലാത്ത ഒരാളിന് വലിയചുടുകാട്ടിൽ ചിതയൊരുങ്ങുന്നത് ഇതാദ്യമാണ്. നിലവിൽ ജെ.എസ്.എസിലാണ് ഗൗരിഅമ്മയുടെ അംഗത്വം. പുന്നപ്ര വയലാർ സമരസേനാനിയെന്ന ചരിത്രസ്ഥാനമാണ് ഗൗരിഅമ്മയ്ക്കു മുന്നിൽ വലിയചുടുകാടിന്റെ വാതിൽ തുറന്നുകൊടുത്തത്. 1994ൽ സി.പി.എം വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് കോൺഗ്രസ് മുന്നണിയിൽ ചേർന്നപ്പോഴും അന്ത്യനിദ്ര വലിയ ചുടുകാട്ടിൽ ആകണമെന്നായിരുന്നു ഗൗരിഅമ്മയുടെ ആഗ്രഹം. ജീവിതത്തിന്റെ ഏറിയ പങ്കും വിപ്ളവ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ഉഴിഞ്ഞുവച്ച ഇതിഹാസ നായികയായിരുന്നു ഗൗരിഅമ്മ. പാർട്ടിയിൽ അംഗത്വം നൽകിയ പി.കൃഷ്ണപിള്ള, തൊഴിലാളി നേതാവ് ആർ.സുഗതൻ, സി.കെ.ചന്ദ്രപ്പൻ, പി.കെ.ചന്ദ്രാനന്ദൻ, കെ.സി.ജോർജ്, ജോർജ് ചടയൻമുറി, പി.ടി.പുന്നൂസ് തുടങ്ങിയ നിരവധി നേതാക്കൾ ചുടുകാട്ടിലെ മണ്ണിൽ ഗൗരിഅമ്മയ്ക്കൊപ്പമുണ്ട്.