ആലപ്പുഴ: ഗൗരിഅമ്മ- ടി.വി. തോമസ് ദാമ്പത്യത്തിലെ സുഖ ദുഖങ്ങൾക്കും രാഷ്ട്രീയ ചുവടുമാറ്റങ്ങൾക്കും സാക്ഷിയായ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട് ഇനി ശൂന്യം. അവശതകൾ തരണം ചെയ്ത് വീട്ടുകാരി ഗൗരിഅമ്മ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ എന്നേന്നേക്കുമായി ഇല്ലാതായതോടെ പതിറ്റാണ്ടുകളോളം ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും പലവിധ ചർച്ചകൾക്ക് വേദിയായിട്ടുള്ള കളത്തിപ്പറമ്പിൽ വീട്ടിൽ ഇനി നിശബ്ദത തളംകെട്ടിക്കിടക്കും.
ഗൗരിഅമ്മ തിരുവനന്തപുരത്തേക്ക് താമസം മാറിയെങ്കിലും, വീട് വൃത്തിയായി സൂക്ഷിക്കാൻ സഹായികളെ ചുമതലപ്പെടുത്തിയിരുന്നു. ഗൗരിഅമ്മയുടെ വിയോഗ വാർത്തയറിഞ്ഞ് സഹായി ബേബി അടക്കമുള്ളവർ അതിരാവിലെ തന്നെ വീട്ടിലെത്തി. ആയിരങ്ങൾ തിങ്ങിക്കൂടേണ്ടിയിരുന്ന വീട്ടുമുറ്റം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഉച്ച വരെ ശാന്തമായി കിടന്നു. പാർട്ടി അണികളും, അയൽവാസികളും ഇടയ്ക്കിടെ വന്നു പോയി. കുഞ്ഞമ്മയുടെ വിശ്രമമുറിയും വീടിന്റെ അക്കത്തളങ്ങളും രാവിലെ മുതൽ ടി.വി സ്ക്രീനുകളിൽ നിറഞ്ഞു. അകത്ത് പ്രവേശിക്കാൻ മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്നിരുന്ന വീട്ടിലേക്ക് ആദ്യമായി ഗൗരിഅമ്മയുടെ അനുവാദമില്ലാതെ പലരും കയറിയിറങ്ങി. മുകൾ നിലയിലെ ലൈബ്രറിയിൽ ഉടമസ്ഥ തിരിച്ചുവരില്ലെന്ന തിരിച്ചറിവോടെ പുസ്തകങ്ങൾ പൊടിപിടിച്ച് കിടന്നു.
തിരുവനന്തപുരത്തെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 2.45നാണ് ഭൗതികദേഹവുമായി കളത്തിപ്പറമ്പിൽ വീടിന്റെ മുറ്റത്ത് ആംബുലൻസ് എത്തിച്ചേർന്നത്. അതിഥികളെ വരവേൽക്കാനും പ്രിയപ്പെട്ട കൃഷ്ണ വിഗ്രഹത്തോട് സംസാരിക്കാനും ഗൗരിഅമ്മ വന്നിരിക്കാറുള്ള വിശാലമായ ഹാളിലേക്ക് അവസാനമായി കുഞ്ഞമ്മ കടന്നുവന്നു. ടി.വി.തോമസിനൊപ്പം നിൽക്കുന്ന ദൃശ്യങ്ങളെ സാക്ഷിയാക്കി പ്രിയപ്പെട്ടവർ കുഞ്ഞമ്മയ്ക്ക് യാത്രാമൊഴിചൊല്ലി. സന്തതസഹചാരികളായിരുന്നവർ അവസാനമായി കുഞ്ഞമ്മയെ കണ്ടു. അന്തിമോപചാരം അർപ്പിക്കാൻ മുൻ മന്ത്രിമാരായ എം.വിജയകുമാർ, ജെ.മേഴ്സിക്കുട്ടിയമ്മ, എ.എംആരിഫ് എം.പി, നിയുക്ത എം.എൽ.എമാരായ സജി ചെറിയാൻ, പി.പി.ചിത്തരഞ്ജൻ, പി.പ്രസാദ്, മുൻ എം.പിമാരായ സി.എസ്.സുജാത, ടി.ജെ. ആഞ്ചലോസ്, ജെ.എസ്.എസ് നേതാവ് രാജൻ ബാബു തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു. 15 മിനുട്ടിനു ശേഷം നഗരത്തിലെ എസ്.ഡി.വി സെന്റിനറി ഹാളിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോയി.
'കുഞ്ഞമ്മ'യായ ഗൗരിഅമ്മ
മക്കളില്ലെങ്കിലും അടുത്തറിയുന്ന എല്ലാവർക്കും ഗൗരിഅമ്മ 'കുഞ്ഞമ്മ'യായിരുന്നു. ചുരുക്കം ചിലർ അമ്മ എന്നും വിളിച്ചുപോന്നു. മൂത്ത സഹോദരിയുടെ മകൻ ആബുവാണ് ആദ്യമായി കുഞ്ഞമ്മേ എന്ന് വിളിച്ചത്. അക്കാലത്ത് ആബുവടക്കം പല ബന്ധുക്കളും ഗൗരിഅമ്മയ്ക്കൊപ്പം വന്നു നിൽക്കുന്ന പതിവുണ്ടായിരുന്നു. ആബുവിന്റെ വിളി പതിയെ എല്ലാവരും ഏറ്റെടുത്തു. ആദ്യം ബന്ധുക്കളും പിന്നെ അനുയായികളും അണികളും ഈ വിളി തുടർന്നതോടെ എല്ലാ ആലപ്പുഴക്കാർക്കും ഗൗരിഅമ്മ കുഞ്ഞമ്മയായി. പണ്ട് അരൂരുകാർ ഗൗരിഅമ്മയെ 'കെ.ആർ. അമ്മ' എന്നാണ് വിളിച്ചിരുന്നത്.
ചരിത്രസാക്ഷിയായി അക്സന്റ്
കളത്തിപ്പറമ്പ് വീടിന്റെ മതിലിനോട് ചേർന്ന് പൊട്ടിപ്പൊളിഞ്ഞ ഷെഡിൽ പഴയൊരു അക്സന്റ് കാർ കിടപ്പുണ്ട്. ഗൗരിഅമ്മയുടെയും ടി.വി. തോമസിന്റെയും യാത്രകൾക്ക് സുരക്ഷിത്വം പകർന്ന കാർ. വർഷങ്ങളായി ഓടാതെ കിടക്കുന്ന കാർ ആകെ ദ്രവിച്ച അവസ്ഥയിലാണ്. ഒരുപാട് ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന കാർ അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി.