hospitals

കൊവിഡ് ചികിത്സയ്‌ക്കായി നെട്ടോട്ടമോടുകയാണ് ജനങ്ങൾ. ഉത്തരേന്ത്യയിലേതിന് സമാനമായ ഒാക്‌സിജൻ ക്ഷാമം ഉൾപ്പെടെ ഭീതിജനകമായ സാഹചര്യമില്ലെങ്കിലും സ്ഥിതി ഗുരുതരം തന്നെയാണ്. ജീവൻ രക്ഷിക്കാനായി ജനങ്ങൾ സർക്കാർ - സ്വകാര്യ ആശുപത്രികളെ ഒരു പോലെ ആശ്രയിക്കുന്നു. എന്നാൽ, ചില സ്വകാര്യ ആശുപത്രികൾ കൊവിഡ് ചികിത്സ കൊള്ളലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന തെളിവുകൾ പുറത്തുവന്നതോടെ ഈ വിഷയത്തിൽ ചർച്ചയും ആരോപണങ്ങളും കൊഴുക്കുകയാണ്. പ്രശ്‌നത്തിൽ ഹൈക്കോടതിയും ഇടപെട്ടു. അതോടെ സർക്കാരും അടിയന്തരമായി ഇടപെട്ട് ആശുപത്രികൾക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചു. ഈ ഇടപെടൽ സാധാരണക്കാരായ ലക്ഷക്കണക്കിന് ജനങ്ങൾക്ക് താങ്ങാണ്. കുറെയാളുകൾ തട്ടിപ്പിന് ഇരയായെങ്കിലും ഇനിയും ഒരാളുപോലും സ്വകാര്യ ആശുപത്രികളുടെ കൊള്ളലാഭത്തിന് ഇരയാകാതെ നോക്കാനുള്ള ജാഗ്രതയാണ് സർക്കാർ പുലർത്തേണ്ടത്.

'ഒരു ദിവസം കഞ്ഞിക്ക് 1350 രൂപ. ഒരു ഡോളോ ഗുളികയ്ക്ക് 25 - 30 രൂപ. ഇങ്ങനെ പോയാൽ സാധാരണക്കാരായ രോഗികൾ എന്തു ചെയ്യും '? വില നേരത്തെ അറിഞ്ഞിരുന്നെങ്കിൽ സ്വർണം പോലെ കഞ്ഞി സൂക്ഷിക്കുമായിരുന്നു. സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ, ആശുപത്രി ബിൽ ഉയർത്തിക്കാട്ടി ഹൈക്കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതായിരുന്നു. സ്വകാര്യ ആശുപത്രികൾ അധിക പണം ഈ‌ടാക്കുന്നുവെന്ന ആരോപണം ഒരു സാധാരണ സംഭവമായാണ് തുടക്കത്തിൽ പലരും കണ്ടിരുന്നത്. എന്നാൽ, സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ആരോപണം ശക്തമായെങ്കിലും ആരും കണ്ടില്ലെന്ന് നടിച്ചു. അതോടെ സോഷ്യൽ മീഡിയയിലൂടെ ചിലർ ആശുപത്രി ബില്ലുകൾ പ്രചരിപ്പിച്ചു. കോടതിയുടെ മുന്നിലും ബില്ലുകൾ എത്തിയതോടെയാണ് കാര്യങ്ങൾ ഗൗരവതരമെന്ന് സർക്കാരിനും ബോദ്ധ്യമായത്.

ആലുവയിലെ സ്വകാര്യ ആശുപത്രി അമിതനിരക്ക് ഈടാക്കിയെന്ന പരാതി ശ്രദ്ധയിൽപ്പെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ഡി.എം.ഒയോടു റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിൽ ചില കാര്യങ്ങൾ പറയുന്നുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രിയുടെ കൊള്ള പകൽപോലെ കോടതിക്ക് വ്യക്തമായെന്ന് ചുരുക്കം. ഇതോടെ വിഷയത്തിൽ സർക്കാരിന്റെ നിലപാട് തേടുകയും ഏകീകൃത തുക ഉൾപ്പെടെയുള്ള വിവരങ്ങൾ സർക്കാർ കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തു. ഇത് നടപ്പാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.

സ്വകാര്യ ആശുപത്രികൾക്ക് ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ തുടങ്ങാൻ അനുമതിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, കൊച്ചി നഗരത്തിലെ പ്രമുഖമായ ഒരു ആശുപത്രി എഫ്.എൽ.ടി.സി യിൽ ഈടാക്കിയ തുകയെക്കുറിച്ച് ബിൽ സഹിതം പരാതി ലഭിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിരക്കുകൾ നിയന്ത്രിക്കുന്നതിനോട് യോജിപ്പാണെങ്കിലും സ്വകാര്യ ആശുപത്രികൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യമുണ്ടാകരുതെന്ന് പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ വാദിച്ചു. കഴിഞ്ഞ വർഷം ഇതേസമയം സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികളില്ലാത്ത സ്ഥിതിയായിരുന്നെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തവണ രോഗികളെക്കൊണ്ട് ബെഡുകൾ നിറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ സാധാരണക്കാരന്റെ ഗതി നോക്കണം. കൊവിഡിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല. രണ്ടോ മൂന്നോ മാസത്തെ കാര്യമേയുള്ളൂ. സർക്കാരുമായി ചേർന്നു നിൽക്കാൻ സ്വകാര്യ ആശുപത്രികൾ മുന്നോട്ടു വരികയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. നിരക്ക് കുറയ്ക്കാൻ പറയുമ്പോഴും വെള്ളം, വൈദ്യുതി, ഓക്‌സിജൻ തുടങ്ങിയവയുടെ നിരക്കിൽ സർക്കാർ കുറവു വരുത്തുന്നില്ലെന്ന പരാതിയാണ് സ്വകാര്യ ആശുപത്രികൾ ഉന്നയിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് സർക്കാരിനെ സമീപിക്കാമെന്നും ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

എന്നാൽ, ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുണ്ടായ ശേഷവും കൊവിഡ് രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രികൾ ചികിത്സച്ചെലവ് ഇനത്തിൽ അമിതമായ തുക ഈടാക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നു. പി.പി.ഇ.കിറ്റിനടക്കം അമിത തുക ഈടാക്കുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. കോടതിക്ക് നേരിട്ടും ഇക്കാര്യത്തിൽ പരാതി ലഭിച്ചു.

മുഴുവൻ സ്വകാര്യ ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കണമെന്നാണ് സർക്കാർ നിർദ്ദേശം. പ്രവേശന സമയത്ത് അഡ്വാൻസ് തുക ആവശ്യപ്പെടരുത്. രോഗിയുടെ പരിചരണത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കുന്നു. സർക്കാർ ഉത്തരവ് ലംഘിച്ച് അധികതുക ആശുപത്രികൾ ഈടാക്കിയാൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പത്തിരട്ടി തുക പിഴ ചുമത്താം. പി.പി.ഇ കിറ്റ്, പൾസ് ഓക്സിമീറ്റർ, മാസ്‌ക് , പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടറുകൾ, മറ്റ് അനുബന്ധ വസ്‌തുക്കൾ എന്നിവയ്‌ക്ക് അമിതവില ഈടാക്കിയാൽ ജില്ലാ കളക്‌ടർക്കും നടപടിയെടുക്കാം. ആശുപത്രിയിലെ ജനറൽ വാർഡിൽ ഒരു ദിവസം രണ്ടുവീതം പി.പി.ഇ കിറ്റ്, ഐ.സി.യു.വിന് അഞ്ച് എന്നിങ്ങനെ മാത്രമേ ഈ‌ടാക്കാവൂ. വില നിർമ്മാണ കമ്പനിയുടെ എം.ആർ.പിയേക്കാൾ കൂടുതലാകരുതെന്നും നിഷ്‌കർശിച്ചിട്ടുണ്ട്. എൻ.ബി.എച്ച് അംഗീകാരമില്ലാത്ത ആശുപത്രികളിൽ ജനറൽ വാർഡിൽ ഒരു ദിവസം 2645 രൂപയും അംഗീകാരമുള്ളിടത്ത് 2910 രൂപയുമേ ഈടാക്കാനാകൂ. 20000 ത്തിന് മുകളിൽ കുത്തിപ്പിഴിഞ്ഞ് വാങ്ങിയിടത്താണ് സർക്കാരിന്റെ ആശ്വാസ പാക്കേജ് എത്തിയിരിക്കുന്നത്.

പണം അടയ്‌ക്കാൻ വൈകിയതിനാൽ ഡിസ്ചാർജ് വൈകിപ്പിക്കുകയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ രോഗി മരിക്കുകയും ചെയ്‌തു. കൊല്ലത്തെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഗുരുതരമായ ആരോപണം. കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെങ്കിലും ആശുപത്രി മാനേജ്മെന്റിനെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല.

സ്വകാര്യ ആശുപത്രിക്കുമേൽ സർക്കാരിന്റെ ഒരു നിരീക്ഷണകണ്ണ് സദാസമയവുമുണ്ടാകണം. ആശുപത്രി സംഭവങ്ങളിൽ പൊലീസിന് നടപടിയെടുക്കുന്നതിൽ ചില പരിമിതികളുണ്ട്. നിന്ന നില്‌പിൽ ആളുകൾ മരിച്ചു വീഴുന്ന ഈ കെട്ടകാലത്ത് സാധാരണക്കാർക്ക് താങ്ങും തണലുമായി നിൽക്കാൻ സ്വകാര്യ ആശുപത്രികളും തയ്യാറാകണം. ഹൈക്കോടതി പറഞ്ഞതുപോലെ കുറച്ച് കാലത്തേക്ക് മാത്രമാണ് ഈ പ്രതിസന്ധി. നമ്മളെല്ലാവരും ഒരുമിച്ച് നിന്ന് പൊരുതിയാൽ മാത്രമേ ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ കഴിയൂ.