ആലപ്പുഴ: കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിനൊപ്പം നടന്ന് സ്വയം ചരിത്രമായി മാറിയ വിപ്ളവേതിഹാസം ഇനി ജ്വലിക്കുന്ന ഓർമ്മ. കമ്മ്യൂണിസ്റ്റ് രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയ ചുടുകാട്ടിലെ മണ്ണിൽ, പണ്ട് കലഹിച്ചു പിരിഞ്ഞ പ്രിയതമൻ ടി.വി. തോമസിന്റെ സ്മൃതിമണ്ഡപത്തോടു ചേർന്ന് നിത്യനിദ്ര.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടേമുക്കാലോടെ തിരുവനന്തപുരത്തു നിന്ന് കളത്തിപ്പറമ്പിൽ വീട്ടിലേക്ക് കൊണ്ടുവന്ന ഭൗതികദേഹം, എസ്.ഡി.വി സെന്റിനറി ഹാളിലെ പൊതുദർശനത്തിനു ശേഷമാണ് വലിയ ചുടുകാട്ടിലെക്ക് കൊണ്ടുപോയത്. മുൻമന്ത്രിമാരായ ജി.സുധാകരൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, പി.തിലോത്തമൻ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ്, നിയുക്ത എം.എൽ.എമാരായ സജി ചെറിയാൻ, എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, ദലീമ ജോജോ, പി.പ്രസാദ്, തോമസ് കെ.തോമസ്, ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻബാബു, ഡി.സി.സി മുൻ പ്രസിഡന്റ് എം. ലിജു, ജില്ലാ പൊലീസ് ചീഫ് ജി. ജയദേവ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.