ആലപ്പുഴ: അടുക്കള സാധനങ്ങൾ അടിക്കടി തീരുന്നതു കണ്ട്, ലോക്ക്ഡൗൺ പൂട്ടുപൊളിച്ച് കടകൾ തേടി ഇറങ്ങണമെന്നില്ല. വീട്ടിൽ തീർന്നതും തീർന്നുകൊണ്ടിരിക്കുന്നതുമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സപ്ളൈകോ അധികൃതരുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയയ്ക്കുകയോ ഫോണിൽ അറിയിക്കുകയോ ചെയ്താൽ അധികം വൈകാതെ ഇവ വീട്ടുപടിക്കലെത്തും.
ആദ്യഘട്ടമെന്നോണം താലൂക്ക് അടിസ്ഥാനത്തിൽ ഒന്നോ, രണ്ടോ ഔട്ട് ലെറ്റുകളാണ് ഇതിനുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. തുടർ ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഇൻചാർജ് ഉദ്യോഗസ്ഥരുടെ വാട്ട്‌സാപ്പ് നമ്പറിലേക്കാണ് ലിസ്റ്റ് അയയ്ക്കേണ്ടത്. ഇതേ നമ്പറിലേക്ക് വിളിച്ചറിയിക്കുകയും ചെയ്യാം. തുടക്കമായതിനാൽ സർവ്വീസ് ചാർജ് ഈടാക്കുന്നുണ്ട്.
കൊവിഡിന്റെ രണ്ടാംവരവ് തീവ്രമാവുകയും ലോക്ക്ഡൗൺ നീട്ടാൻ സാദ്ധ്യയുള്ളതിനാലുമാണ് ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ വീട്ടുമുറ്റത്തെത്തിക്കുന്ന ഹോം ഡെലിവറി സർവ്വീസ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കാൻ സപ്ളൈകോ തീരുമാനിച്ചത്. കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി പൊതുജനങ്ങൾക്ക് ഉപയോഗ പ്രദമാകുമെന്നാണ് പ്രതീക്ഷ. കുടുംബശ്രീയുമായി സഹകരിച്ചാണ് പുതിയ ചുവടുവയ്പ്പ്. ഇവരാണ് ഓർഡർ പ്രകാരമുള്ള സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പരമാവധി 10 കിലോ മീറ്ററിനുള്ളിലുള്ള ഉപഭോക്താക്കൾക്ക് 20 കിലോ വരെ സാധനങ്ങൾ ആവശ്യപ്പെടാം. സബ്സിഡി സാധനങ്ങൾ നിലവിൽ ഹോം ഡെലിവറിയിൽ ഇല്ല. റേഷൻ കാർഡ് വഴി എന്റർ ചെയ്യേണ്ടതിനാൽ സാങ്കേതിക തടസമുണ്ട്. അത് പരിഹരിക്കാനുള്ള നടപടിക്രമത്തിലാണ് അധികൃതർ. മാവേലി സാധനങ്ങൾ ഫ്രീ സെയിൽ നിരക്കിലും മറ്റ് സാധനങ്ങൾ പരമാവധി വിലയിൽ കുറഞ്ഞ നിരക്കിലും ലഭ്യമാകും.
........................................
# ഡെലിവറി ചാർജ്
2 കിലോമീറ്റർ.............₹ 40
2-5 കിലോമീറ്റർ..............₹ 60
5-10 കിലോമീറ്റർ...........₹ 100
..........
# അമ്പലപ്പുഴ താലൂക്ക്
ആലപ്പുഴയിലെ സപ്ലൈകോ ജില്ലാ ഡിപ്പോയ്ക്ക് കീഴിലുള്ള പീപ്പിൾസ് ബസാർ, ജില്ലാക്കോടതി സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നു ഈ സേവനം ലഭിക്കും
വാട്സാപ്പ് നമ്പർ: 8078953448, 9061360550.
നോഡൽ ഓഫീസർ: 9446540678
# ചേർത്തല
ചേർത്തലയിലെ സപ്ലൈകോ ജില്ലാ ഡിപ്പോയ്ക്ക് കീഴിലുള്ള പീപ്പിൾസ് ബസാറിലാണ് സേവനം ലഭ്യമാകുന്നത്.
വാട്സാപ്പ് നമ്പർ: 9400720409
# ഹരിപ്പാട്
സപ്ലൈകോ ഡാണാപ്പടി സൂപ്പർമാർക്കറ്റ്. വാട്സാപ്പ് നമ്പർ: 9645726995,9961419708
# മാവേലിക്കര
മാവേലിക്കര ടൗൺ സൂപ്പർ മാർക്കറ്റ്. വാട്സാപ്പ്: 9495120596
# ചെങ്ങന്നൂർ
പടിഞ്ഞാറെനട സൂപ്പർമാർക്കറ്റ്. വാട്സാപ് നമ്പർ: 9744952531,807508131
......................................
പദ്ധതി ആരംഭിച്ചിട്ട് രണ്ടു ദിവസമായി. ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണമാണ്. കൊവിഡ് പ്രതിരോധത്തിൻറ്റെ ഭാഗമായി ഇതിനെയും കാണാം. തുടർ ദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും
(സപ്ലൈകോ അധികൃതർ)