ആലപ്പുഴ: ജില്ലയിൽ ഇന്നലെ 2460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 26,439 ആയി. 25.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മൂന്നു പേർ അന്യസംസ്ഥാനത്തു നിന്ന് എത്തിയതാണ്. 2451 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 1708 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 1,06,485 പേർ രോഗമുക്തരായി.
കേസ് 46, അറസ്റ്റ് 22
ജില്ലയിൽ ലോക്ക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 46 കേസുകൾ രജിസ്റ്റർ ചെയ്തു. 22 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈൻ ലംഘിച്ചതിന് 12 പേർക്കും മാസ്‌ക് ധരിക്കാത്തതിന് 778 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 656 പേർക്കും എതിരെ നടപടി സ്വീകരിച്ചു. 23827 പേരെ താക്കീത് ചെയ്ത് വിട്ടയച്ചു. ഇവരിൽ കൂടുതൽ പേരും ഡബിൾ മാസ്‌ക് ധരിക്കാത്തവരായിരുന്നു. 172 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു.
ഇ പാസ് 1755
അവശ്യ യാത്രകൾക്കായി പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള ഇ പാസിന് ജില്ലയിൽ 24,494 അപേക്ഷകൾ ലഭിച്ചു. അന്വേഷണം നടത്തി 1755 പാസിന്
അനുമതി കൊടുത്തു. pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.