മാവേലിക്കര: കൊച്ചാലുമൂടിന് സമീപത്തെ വർക്ക് ഷോപ്പിൽ കയറ്റിയിട്ടിരുന്ന മിനി കണ്ടെയ്നർ ലോറിയിൽ നിന്ന് 10.33 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ലോറി ഡ്രൈവർ ചെന്നിത്തല തെക്ക് മാലിയിൽ എം.രാഹുൽ (27), ഒപ്പമുണ്ടായിരുന്ന തെക്കേക്കര പോനകം കൈപ്പള്ളിത്തറയിൽ എം.മഹേഷ് (31) എന്നിവരെ എക്സൈസ് സി.ഐ ആർ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം വർക്‌ഷോപ്പിൽ നിന്നു അറസ്റ്റ് ചെയ്തു.
എക്സൈസ് ആലപ്പുഴ അസി.കമ്മിഷണർ എം.എൻ.ശിവപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് വാഹനപരിശോധന നടത്തുന്നതിനിടെയാണ് വർക്ക്ഷോപ്പിൽ എറണാകുളം രജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറി കണ്ടത്. പരിശോധനയിൽ ലോറിയുടെ കാബിനിൽ ട്രോളി ബാഗിൽ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ലോറി എക്സൈസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 2 ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തമിഴ്നാട്ടിലെ സേലത്തു നിന്നെത്തിച്ച കഞ്ചാവാണിത്. അറസ്റ്റിലായ മഹേഷ് മുമ്പും സമാന കേസുകളിൽ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫിസർമാരായ എം.കെ.ശ്രീകുമാർ, മണിയനാചാരി, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് മുസ്തഫ, ടി.ജിയേഷ്, ബാബു ഡാനിയേൽ, ഡ്രൈവർ റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.