ആലപ്പുഴ: വർക്കല പാപനാശത്ത് നിമജ്ജനം ചെയ്യാനായി​ കെ.ആർ.ഗൗരിഅമ്മയുടെ ചിതാഭസ്മം ബന്ധുക്കൾ ഏറ്റുവാങ്ങി​. സഹോദരി​പുത്രി​ പി​.സി​. ബീനാകുമാരി​, മറ്റൊരു സഹോദരിയുടെ ചെറുമകൾ സോഫി ബാബു, ബന്ധുവായ അനിൽ, ജെ.എസ്.എസ് നേതാക്കൾ എന്നി​വർ ചേർന്നാണ് ഇന്നലെ വൈകിട്ട് 3.30ന് വലി​യചുടുകാട്ടി​ൽ നി​ന്ന് ചിതാഭസ്മം ഏറ്റുവാങ്ങിയത്. ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം ബീനാകുമാരിക്കു കൈമാറിയ മൺ​കുടം ഗൗരിഅമ്മയുടെ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്ടുമുറ്റത്തെ പ്ളാവിൽ കെട്ടി. ഒൻപത് ദിവസത്തി​നു ശേഷം മറ്റ് ബന്ധുക്കളുടെ സൗകര്യം കൂടി നോക്കി വർക്കല പാനാശത്ത് ഒഴുക്കുമെന്ന് ബീനാകുമാരി പറഞ്ഞു.

അഞ്ചാം ദിവസം കൊവിഡ് മാനദണ്ഡം പാലിച്ച് ചെറി​യതരത്തിൽ സഞ്ചയന കർമ്മം നടത്തും. മരണാനന്തര ചടങ്ങ് നടത്തുന്നതിനെ കുറിച്ച് ഗൗരിഅമ്മ ഒന്നും പറഞ്ഞിട്ടില്ലെന്നും കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് ചടങ്ങുകൾ നടത്തുന്നതെന്നും ബീനാകുമാരി പറഞ്ഞു. ജെ.എസ്.എസ് നേതാക്കളായ സംഗീത് ചക്രപാണി, പി.പി.ബാനർജി, കെ.ശിവാനന്ദൻ പാലക്കാട്, സുരേഷ് ബാബു, ശിവാനന്ദൻ, അശോകൻ എന്നിവരും കുടുംബാംഗങ്ങളോടൊപ്പം വലിയചുടുകാട്ടിൽ എത്തിയിരുന്നു.