photo
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ക്രിമിറ്റോറിയം മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ

 12 വർഷമായിട്ടും ഒരു മൃതദേഹം പോലും സംസ്കരിക്കാനായിട്ടില്ല

ചേർത്തല: നഗരസഭയിൽ 12 വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത വാതക ശ്മശാനം, ഒരു മൃതദേഹം പോലും ഇന്നേവരെ ദഹിപ്പിക്കാനാവാതെ നോക്കുകുത്തിയായി നിൽക്കുന്നു. നിലവിൽ മാലിന്യസംഭരണ കേന്ദ്രമാണ് ഇവിടം.

തണ്ണീർമുക്കം ഗ്രാപഞ്ചായത്ത് 19-ാം വാർഡിൽ ദേശീയപാതയ്ക്ക് കിഴക്കായി ഒന്നര ഏക്കർ സ്ഥലത്താണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. രേഖകളിൽ 4 ഏക്കറിലധികം ഉണ്ടെങ്കിലും നിലവിൽ ഒന്നര ഏക്കർ മാത്രമാണുള്ളത്. ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച ക്രിമറ്റോറിയം 2008 അവസാനം മന്ത്രി ജി.സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. 2008-2009 ൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആറ് ഗ്യാസ് കു​റ്റികൾ ഘടിപ്പിക്കാവുന്നതും 15 മിനുട്ടിനുള്ളിൽ മൃതദേഹം ചാരമാകുന്നതുമായ ആധുനിക ക്രിമ​റ്റോറിയമാണ് നിർമ്മിച്ചത്. പിന്നീട് ഉപയോഗ ശൂന്യമായി കിടന്ന് കാടുകയറി ഉപകരണങ്ങളെല്ലാം നശിച്ച നിലയിലാണ്. കഴിഞ്ഞ രണ്ട് ടേമിലെ യു.ഡി.എഫ് ഭരണ സമിതി ഇവിടേക്കു തിരിഞ്ഞു പോലും നോക്കിയില്ലെന്ന് മാത്രമല്ല നഗരത്തിലെ മാലിന്യം തള്ളുന്ന കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ താവളമായി ഇവിടം മാറിയിരിക്കുകയാണ്. താലൂക്കിൽ കൊവിഡ് ബാധിച്ചു മരിച്ചവരെ സംസ്‌കരിക്കാനായി ആലപ്പുഴ, അരൂർ, അരൂക്കു​റ്റി, പച്ചാളം എന്നിവിടങ്ങളിലുള്ള പൊതു ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ വാതക ശ്മശാനം ഏ​റ്റെടുത്ത് നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

 ബദൽ സംവിധാനം

അടിയന്തര സാഹചര്യത്തിൽ, ക്രിമറ്റോറിയം നിൽക്കുന്ന സ്ഥലത്ത് സാധാരണരീതിയിലുള്ള സംസ്‌കാരത്തിന് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുകയാണ് പുതിയ നഗരസഭ നേതൃത്വം. നഗരത്തിൽ സ്വന്തമായി സ്ഥലമില്ലാത്തവരെയും വീടുകളിൽ ഇതിനുള്ള സാഹചര്യമില്ലാത്തവരേയും സഹായിക്കാനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഇവിടത്തെ 25 സെന്റോളം സ്ഥലം സംസ്‌കാരത്തിനായി ഉപയോഗിക്കും. ഒരേ സമയം 10 മൃതദേഹങ്ങൾ വരെ സംസ്‌കരിക്കാനാകുമെന്നാണ് ആരോഗ്യ വിഭാഗം കണക്കാക്കുന്നത്.കൊവിഡ് ബാധിച്ച് മരിച്ച നഗരസഭ 32-ാം വാർഡിലെ താമസക്കാരി തിലകമ്മയുടെ മൃതദേഹം ബുധനാഴ്ച രാത്രി ക്രിമറ്റോറിയത്തിന് സമീപത്തായി സംസ്കരിച്ചു. കൗൺസിലർ പ്രമീളാദേവിയുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്.

........................................

അനാഥമായി കിടക്കുന്ന ശ്മശാനം അടിയന്തരമായി പുനർനിർമ്മിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നാണ് ഇത്. പുനർനിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു

ഷേർളി ഭാർഗവൻ, നഗരസഭ ചെയർപേഴ്സൺ