ആലപ്പുഴ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 'സാന്ത്വന സ്പർശം' എന്ന പേരിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുമായി എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ. യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, എംപ്ലോയീസ് ഫോറം, പെൻഷൻ കൗൺസിൽ, സൈബർ സേന, ശാഖാ യോഗം, കുടുംബ യൂണിറ്റുകൾ, മൈക്രോ ഫിനാൻസ് യൂണിറ്റുകൾ എന്നീ പോഷക സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നത്.
ഓരോ ശാഖയിലും 5 പേരിൽ കുറയാത്ത ഒരു കർമ്മസേന രൂപീകരിക്കും. കൊവിഡ് മൂലം ജോലിക്ക് പോകാൻ കഴിയാത്ത വീടുകളിൽ ഭക്ഷണം എത്തിക്കുക, കണ്ടെയ്ൻമെന്റ് സോണുകളിൽ അണുനശീകരണം, രോഗികളായ നിർദ്ധന കുടുംബങ്ങൾക്ക് വൈദ്യസഹായം ഉറപ്പാക്കൽ, മരുന്ന് ലഭ്യമാക്കൽ, രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുക, കിടപ്പ് രോഗികൾക്ക് പ്രത്യേക സഹായം നൽകുക, കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മറവു ചെയ്യാൻ സഹായിക്കുക, കൊവിഡ് മുക്തരാകുന്നവരുടെ വീടുകളിൽ അണുനശീകരണം നടത്തുക, രക്തദാനത്തിനായി പ്രത്യേക ടീമിനെ തയ്യാറാക്കുക എന്നിവയാണ് പ്രധാന സേവന പ്രവർത്തനങ്ങൾ.