photo
തെരുവിൽ അലയുന്നവർക്കായി നഗരസഭ ഒരുക്കിയ പ്രത്യേക ഷെൽറ്റർ നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് സന്ദർശിക്കുന്നു

.

ആലപുഴ: തെരുവിൽ അലയുന്നവർക്ക് പ്രത്യേക ഷെൽറ്റർ ഒരുക്കി ആലപ്പുഴ നഗരസഭയുടെ മാതൃക. ആലപ്പുഴ ഗവ. മോഡൽ എൽ.പി.എസിലാണ് 'സ്‌നേഹവീട് ' എന്ന പേരിൽ അഭയകേന്ദ്രം പ്രവർത്തിക്കുന്നത്. തെരുവിൽ കഴിയുന്നവരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിൽ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് സ്‌നേഹവീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നത്.

ജനറൽ ആശുപത്രിയിലെത്തിച്ച് കൊവിഡ് പരിശോധന നടത്തിയാണ് സ്‌നേഹവീട്ടിൽ പ്രവേശിപ്പിക്കുന്നത്.നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നു ഭക്ഷണവും പ്രത്യേക വൈദ്യസഹായവും ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ കൗൺസിലിംഗ് ടീമിന്റെ സേവനവും ഇവർക്ക് ലഭ്യമാക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.

നഗരസഭയിൽ കൊവിഡ് കേസുകൾ കൂടിയ വാർഡുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അണുനശീകരണ ടീമിന്റെ നേതൃത്വത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് സമഗ്ര അണുനശീകരണ യജ്ഞം നടത്തി. തെരുവിൽ കഴിയുന്നവരെ ഷെൽറ്ററിലേക്ക് മാറ്റുന്ന സ്ക്വാഡിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ,കെ.ബാബു,എം.ആർ.പ്രേം,ബി.നസീർ,നസീർ പുന്നയ്ക്കൽ,എം.ജി.സതീദേവി,എച്ച്.ഒ.വർഗീസ് കെ.പി,എച്ച്.ഐമാരായ ഗിരീശൻ, ജയകുമാർ, കൃഷ്ണകുമാർ തുടങ്ങിയവരും ആരോഗ്യ വോളണ്ടിയർമാരായ വിഷ്ണുരാജ്,അനീഷ് എന്നിവരും അംഗങ്ങളാണ്.