ambala
പുറക്കാട് പഞ്ചായത്തിൽ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ നിയുക്ത എം.എൽ.എ എച്ച്. സലാം സന്ദർശിക്കുന്നു

അമ്പലപ്പുഴ: കനത്ത മഴയിൽ വെള്ളക്കെട്ടായ, പുറക്കാട് പഞ്ചായത്തിലെ ഏഴ്, 12, 13 വാർഡുകൾ നിയുക്ത എം.എൽ.എ എച്ച്. സലാം സന്ദർശിച്ചു. തുടർന്ന് ഇറിഗേഷൻ, കൃഷി, റവന്യു ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും പാടശേഖരസമിതി ഭാരവാഹികളുടെയും അടിയന്തര യോഗം വിളിച്ചു ചേർത്തു.

ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള മോട്ടോറുകൾ അടിയന്തരമായി എത്തിച്ച് വെള്ളം പമ്പു ചെയ്തു മാറ്റാൻ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർ, കൃഷി ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി. തുറന്ന ബണ്ടുകൾ പാടശേഖര സമിതി ഉടൻതന്നെ മണൽചാക്ക് ഉപയോഗിച്ച് അടയ്ക്കും. വെള്ളം കയറി ഭക്ഷണം പാചകം ചെയ്യാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് പഞ്ചായത്തിൻറ്റെ നേതൃത്വത്തിൽ ഭക്ഷണം പാചകം ചെയ്ത് നൽകും. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷീബാ രാകേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.എസ്. സുദർശനൻ, ജില്ലാ പഞ്ചായത്തംഗം പി.അഞ്ജു, ബ്ലോക്ക്‌ പഞ്ചായത്തംഗം ആർ.ഉണ്ണി, പഞ്ചായത്തംഗങ്ങളായ അഡ്വ.വി.എസ്. ജിനു രാജ്, പ്രിയ അജേഷ്, സി.രാജു, ശശികാന്തൻ, സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ശ്രീകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർ, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു.