bdn
കരുവാറ്റ കന്നുകാലിപ്പാലം ഗുരുമന്ദിരം

ഹരിപ്പാട്: കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമുള്ള ശ്രീ നാരായണ ധർമ്മസേവാ സംഘം ഗുരുമന്ദിരവും കെ.ആർ. ഗൗരിഅമ്മയും തമ്മിലുള്ള ബന്ധം അറിയാവുന്നവർ പുതുതലമുറയിൽ അധികമുണ്ടാവില്ല. മന്ത്രിയായിരുന്ന ഗൗരിഅമ്മയുടെ ശക്തമായ ഇടപെടൽ മൂലമാണ് ഗ്രാമത്തിലെ ഏറ്റവും പ്രസിദ്ധമായ ഗുരുമന്ദിരം ഇവിടെ ഉയരാൻ കാരണം.

1967 ഒക്ടോബർ 27നാണ് ഗുരുമന്ദിരം സ്ഥാപിതമായത്. കരുവാറ്റ, തോട്ടപ്പള്ളി മേഖലയിലുള്ള സാധാരണക്കാർക്ക് ക്ഷേത്രാരാധന നടത്താൻ ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് ആരാധനയ്ക്കായി ശ്രീനാരായണ ഗുരുമന്ദിരവും ശ്രീനാരായണ ധർമ്മ സേവാസംഘം എന്ന പ്രസ്ഥാനവും സ്ഥാപിച്ചത്. എന്നാൽ ഈ നീക്കം തകർക്കാനായി മറ്റൊരുകൂട്ടർ രംഗത്തെത്തി. തർക്കം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ ആർ.ഡി.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തോക്കുധാരികളായ വൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചു. ആകെ ഭീതിജനകമായ അന്തരീക്ഷം. ഈ സമയം പുന്നപ്ര വയലാർ സമര സേനാനിയും കെ ആർ. ഗൗരിഅമ്മയുടെ സഹപ്രവർത്തകനുമായിരുന്ന കെ.എ. തങ്കപ്പൻ ട്രങ്ക് കാൾ ബുക്ക് ചെയ്തു ഗൗരിഅമ്മയോട് സ്ഥിതിഗതികൾ വിശദീകരിച്ചു. ഉടൻ തന്നെ ഇടപെട്ടില്ലെങ്കിൽ മറ്റൊരു പുന്നപ്ര-വയലാർ ഇവിടെ ആവർത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. റവന്യു വകുപ്പ് മന്ത്രിയായിരുന്ന ഗൗരിഅമ്മ ഉടൻതന്നെ സംഭവത്തിൽ ഇടപെടുകയും പൊലീസിനെ പിൻവലിക്കാൻ ആർ.ഡി.ഒയ്ക്ക് കർശന നിർദ്ദേശം നൽകുകയുമായിരുന്നു. ഇതോടെയാണ് പ്രദേശത്തെ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്.

പിന്നീട് ഗുരുമന്ദിരം സ്ഥാപിച്ച ശേഷം പലതവണ വാർഷികാഘോഷങ്ങളിൽ ഗൗരിഅമ്മ പങ്കെടുത്തിട്ടുണ്ട്. അവസാനമായി 1994 ഒക്ടോബർ 27നാണ് ഗൗരിഅമ്മ എത്തിയത്. സംഘത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് ഭാരവാഹികൾ ഗൗരിഅമ്മയെ ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം കാരണം എത്താനായില്ല.