അരൂർ:അരൂർ മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ വ്യാപകമായി ഇലക്ട്രിക്ക് പോസ്റ്റുകളും പാറക്കല്ലുകളും ഉപയോഗിച്ച് റോഡുകൾ അടിയന്തിര ഘട്ടങ്ങളിൽ പോലും തുറക്കാനാവാത്ത തരത്തിൽ അടച്ചിട്ടിരിക്കുന്നത് കൊവിഡ് രോഗികൾക്ക് ഭീഷണിയാകുന്നുവെന്ന് പരാതി. രോഗികളെ ആശുപത്രികളിൽ എത്തിക്കാൻആബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് പോക്കറ്റ് റോഡുകളിൽ എത്തിച്ചേരാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. പല വീടുകളിലും ഒറ്റയ്ക്കും മറ്റും ക്വാറൻ്റെൻ ചെയ്യുന്ന കൊവിഡ് രോഗികൾക്കും പ്രായമായവർക്കും രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ പ്രദേശത്തു നിന്ന് പുറത്തുകടക്കുകയെന്നത് വെല്ലുവിളിയാവുകയാണ്. റോഡ് ഇത്തരത്തിൽ അടച്ചിരിക്കുന്ന സ്ഥലങ്ങളിലെ വീടുകളിൽ ചികിത്സയിലുള്ള കൊവിഡ് രോഗികൾ അടിയന്തിര സാഹചര്യങ്ങളിൽ പി.പി.ഇ കിറ്റ് പോലുമില്ലാതെ കിലോമീറ്ററുകളോളം നടന്ന് മെയിൻ റോഡുകളിലെത്തിയാണ് ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ കയറുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ തുറക്കാവുന്ന തരത്തിൽ മാത്രം റോഡുകൾ അടയ്ക്കണമെന്ന് ജെ.എസ്.എസ് അരൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ വി.കെ. അംബർഷൻ, റെജി റാഫേൽ, യു.കെ.കൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.