ph
കായംകുളം വലിയഴീക്കൽ അഴിക്കോടൻ നഗർ മുതൽ ബിച്ചിന് വടക്ക് വശംവരെയുള്ള ഭാഗത്ത് കടൽക്ഷോഭം രൂക്ഷമായപ്പോൾ

കായംകുളം: കനത്ത മഴയിൽ കായംകുളത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നൂറോളം വീടുകളിൽ വെള്ളം കയറി. നഗരസഭ പ്രദേശത്ത് മുണ്ടകത്തി തോടും മലയൻ കനാലും കരകവിഞ്ഞ് ഒഴുകയാണ്. പത്തിയൂർ, കണ്ടല്ലൂർ, കൃഷ്ണപുരം,ദേവികുളങ്ങര പഞ്ചായത്തുകളിലും നിരവധി വീടുകളിൽ വെള്ളം കയറി.

കണ്ടല്ലൂരിൽ മരങ്ങൾ കടപുഴകി. വലിയഴീക്കലിൽ കടൽ ക്ഷോഭത്തെ തുടർന്ന് കൊച്ചിശ്ശേരിൽ രാധയുടെ കട പൂർണ്ണമായും തകർന്നു. കണ്ടല്ലൂർ പഞ്ചായത്ത്‌ വാർഡ് 9ൽ മാടമ്പി ക്ഷേത്രത്തിനു സമീപം കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിൽ വീണു. നാലു പോസ്റ്റുകൾ ഒടിഞ്ഞു. കായംകുളം ഫയർ സ്റ്റേഷനിലെ സേനാംഗങ്ങൾ മരങ്ങൾ മുറിച്ചു നീക്കി ഗതാഗതം സുഗമമാക്കി. വലിയഴീക്കൽ ആഴീക്കോടൻ നഗർ മുതൽ ബീച്ചിന് വടക്ക് ഭാഗം വരെ കടൽക്ഷോഭം രൂക്ഷമാണ്. റവന്യു അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കാർത്തികപള്ളി തഹസീൽദാർക്ക് യു. പ്രതിഭ കത്ത് നൽകി. കഴിഞ്ഞ ദിവസത്തെ മഴയിൽ മണ്ണൊലിച്ച് പോയി കുറ്റിത്തെരുവ് വെളേ വയലിൽ അലി അക്ബർ മുസ്ലിയാരുടെ വീടിന് സമീപം രൂപപ്പെട്ട വലിയ ഗർത്തം ഈസ്റ്റ് മൈത്രി റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സലിം മുരുക്കുംമൂടിൻറ്റെയും സെക്രട്ടറി അബ്ദുൽഹഖിൻറ്റെയും നേതൃത്വത്തിൽ പാറയും ക്വാറിവേസ്റ്റും ഇട്ട് നികത്തി പൂർവ്വസ്ഥിതിയിലാക്കി. കൺട്രോൾ റൂം നമ്പർ: കാർത്തികപ്പള്ളി താലൂക്ക് ഓഫീസ്: 0479 2412797, മാവേലിക്കര താലൂക്ക് ഓഫീസ്: 0479 2302216