അമ്പലപ്പുഴ: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ രൂക്ഷമായ കടലാക്രമണവും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു. ന്യൂനമർദ്ദം മൂലം കടലാക്രമണവും വെള്ളപ്പൊക്കവും മുൻവർഷങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ അത് കണക്കിലെടുത്ത് മുൻ കരുതൽ നടപടികൾ സ്വീകരിക്കാതിരുന്നതുകൊണ്ടാണ് തീരവാസികളുടെ ദുരിതം കൂടുതൽ ദുഷ്കരമായത്. കടലാക്രമണ പ്രതിരോധ പ്രവർത്തനത്തിന് മുമ്പ് ബഡ്ജറ്റിൽ വകയിരുത്തിയിരുന്ന തുക ചെലവഴിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാനെന്ന പേരിൽ തോട്ടപ്പള്ളിയിൽ നിന്ന് 10 ലക്ഷത്തിലധികം ഘനമീറ്റർ മണൽ സംഭരിച്ചതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല. തണ്ണീർമുക്കം ബണ്ടിലെ മണൽത്തിട്ട നീക്കാത്തതും ബണ്ട് യഥാസമയം തുറക്കാത്തതും മൂലം കുട്ടനാട്ടിലെയും തീരപ്രദേശങ്ങളിലെയും വീടുകൾ വെള്ളത്തിലായി. ഇവ പരിഗണിച്ച് കടലാക്രമണ, വെളളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ധീവരസഭ ആവശ്യപ്പെട്ടു.