ചേർത്തല: കടലാക്രമണം രൂക്ഷമായ തൈക്കൽ കടക്കരപ്പള്ളി ഒ​റ്റമശ്ശേരിയിലും ചേർത്തലതെക്ക് തിരുവിഴ മച്ചിമുക്കിലുമായി അഞ്ചു വീടുകൾ ഭാഗികമായി തകർന്നു. ഏഴു വീടുകൾ തകർച്ചയുടെ വക്കിലാണ്. ഭാഗികമായി തകർന്ന വീടുകൾ സംരക്ഷിക്കാൻ അടിയന്തര ശ്രമങ്ങൾ ആരംഭിച്ചു.

​ഒറ്റമശേരിയിൽ നിന്നു അഞ്ചുകുടുംബങ്ങളെയും തിരുവിഴയിൽ നിന്നു രണ്ടുകുടുംബങ്ങളെയും മാ​റ്റിപ്പാർപ്പിച്ചു. തെങ്ങുകളടക്കം നിരവധി വൃക്ഷങ്ങളും കരയിൽ വെച്ചിരുന്ന വള്ളങ്ങളും കടലെടുത്തു. ശക്തമായ മഴയും കടലേ​റ്റവും രാത്രിയും തുടരുന്ന സാഹചര്യത്തിൽ നാശങ്ങളുടെ തോതുയരുമെന്നാണ് വിലയിരുത്തൽ. ചേന്നവേലിയിലും കടലാക്രമണം ശക്തമാണ്. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 12,14 വാർഡുകുളിലായി കുരിശിങ്കൽ യേശുദാസ്,കുരിശിങ്കൽ മനോജ്,കുന്നുമ്മൽ കുഞ്ഞുകുഞ്ഞ് എന്നിവരുടെയും ചേർത്തലതെക്ക് ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മൂപ്പശ്ശേരി എം.ജെ.ഔസേഫ്,കാക്കരി ബെർട്ടിൻ എന്നിവരുടെയും വീടുകളാണ് ഭാഗികമായി തകർന്നിരിക്കുന്നത്. ഈ വീടുകൾ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.ഒ​റ്റമശ്ശേരിയിൽ പുത്തൻപുരയ്ക്കൽ ചാൾസിന്റെയും പടിഞ്ഞാറെ വീട്ടിൽ ടൈ​റ്റസിന്റെയും ചേർത്തലതെക്ക് 16-ാം വാർഡിൽ അഞ്ചുവീടുകളുമാണ് തകർച്ചാഭീഷണി നേരിടുന്നത്. തങ്കി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിൽ കൊവിഡ് മാനദണ്ഡപ്രകാരം ക്യാമ്പു തുറന്നാണ് ഒ​റ്റമശ്ശേരിയിലെ കുടുംബങ്ങളെ മാ​റ്റിയത്. തിരുവിഴയിലെ കുടുംബങ്ങൾ ക്യാമ്പിലെത്താനുള്ള അസൗകര്യം അറിയിച്ച സാഹചര്യത്തിൽ ബന്ധുവീടുകളിലേക്കാണ് മാ​റ്റിയത്.
എ.എം.ആരിഫ് എം.പി, നിയുക്ത എം.എൽ.എ പി. പ്രസാദ് ,കളക്ടർ എ.അലക്‌സാണ്ടർ,ആലപ്പഴ രൂപതാദ്ധ്യക്ഷൻ ജയിംസ് ആനാപറമ്പിൽ,തഹസിൽദാർ പി.ജി.രാജേന്ദ്രബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയിംസ് ചിങ്കുതറ, സിനിമോൾ സാംസൺ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

 വീടുകൾ സംരക്ഷിക്കും


കടൽ ക്ഷോഭത്തിൽ തകർച്ചയുടെ വക്കിലായ വീടുകൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കാണ് പരിഗണന നൽകിയിരിക്കുന്നതെന്ന് നിയുക്ത എം.എൽ.എ പി. പ്രസാദ് പറഞ്ഞു. അടിയന്തരമായി കല്ലെത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും നടപടി സ്വീകരിച്ചു. ജിയോ ട്യൂബുകൾ എത്തിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചിട്ടുണ്ട്.

 അന്ധകാരനഴി പൊഴി മുറിക്കും


മഴ ശക്തമാകുകയും കടലേ​റ്റം രൂക്ഷമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കടക്കരപ്പള്ളി, പട്ടണക്കാട്, ചേർത്തല തെക്കിന്റെ വടക്ക് ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാദ്ധ്യത ഒഴിവാക്കാൻ അന്ധകാരനഴി പൊഴി അടിയന്തരമായി മുറിക്കാൻ കളക്ടർ ജലസേചന വകുപ്പിന് നിർദ്ദേശം നൽകി. ഇന്ന് പൊഴി മുറിച്ചു തുടങ്ങും.