കൊവിഡ് കാലം ഓമനമൃഗങ്ങൾക്ക് പ്രിയമേറുന്നു
ആലപ്പുഴ: കൊവിഡ് കാലം വിരസതയുടെയും മാന്ദ്യത്തിന്റെയും കാലമാണ്. എല്ലാവരും വീട്ടിലിരിക്കുന്ന കാലം. എന്നാൽ ഇക്കാലത്തും സജീവമാകുന്ന ചില മേഖലകളുണ്ട്. അതിലൊന്നാണ് അലങ്കാര മത്സ്യങ്ങളും വളർത്തുമൃഗങ്ങളും പക്ഷികളും. ഇവയ്ക്ക് മുമ്പൊന്നുമില്ലാത്ത വിധം പ്രിയമേറുന്നുവെന്ന് വ്യാപാരികൾ പറയുന്നു.
ഓൺലൈൻ ബിസിനാണ് ഇപ്പോൾ ട്രെൻഡാകുന്നത്.
ആവശ്യക്കാർ കൂടിയതും ഇവയുടെ വില വർദ്ധനയ്ക്ക് ഇടയാക്കുന്നുണ്ട്. വിദേശയിനം ബ്രീഡുകളുടെ ലഭ്യത കുറവാണ് വിലക്കയറ്റത്തിന് ഇടവരുത്തുന്നത്. യുവാക്കളാണ് ഈ രംഗത്ത് സംരംഭകരായി ചുവട് ഉറപ്പിക്കുന്നത്. കൊവിഡ് കാലമായതിനാൽ ഓൺലൈൻ ബിസിനസാണ് കൂടുതൽ. ഓരോന്നിന്റെയും പ്രത്യേകത,വില എന്നിവ നൽകിയ വിവരങ്ങൾ അടങ്ങിയ വീഡിയോ, ചിത്രങ്ങൾ എന്നിവ കസ്റ്റമേഴ്സിന്റെ ആവശ്യ പ്രകാരം പങ്കുവയ്ക്കും. കൊവിഡ് കാലത്തു തിരികെയെത്തിയ പ്രവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ അരുമ മൃഗങ്ങളുടെ വിൽപന രംഗത്തെത്തി. ഇത് കൂടാതെ ചെന്നൈ, കൊൽക്കത്ത, ബംഗളൂരു, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നു വളർത്തു മൃഗങ്ങളുടെയും വളർത്തുപക്ഷികളുടെയും വരവ് നിലച്ചതോടെയാണു വിപണിയിൽ ഉള്ളവയ്ക്ക് വില കുതിച്ചുയർന്നത്.
കുരുന്നുകൾക്ക് കൂട്ട്, ആശ്വാസം
വിദ്യാഭ്യാസം വീട്ടിലായതോടെ കുട്ടികൾക്ക് വിനോദത്തിനുവേണ്ടി പലപ്പോഴും വളർത്ത് മൃഗങ്ങളെയാണ് മാതാപിതാക്കൾ സമ്മാനിക്കുന്നത് .കുട്ടികളെ സംബന്ധിച്ചിടത്തോളം മൃഗങ്ങൾ വീട്ടിലൊരു കൂട്ടാണ്. മുഴുവൻ സമയവും വീട്ടിലായ കുട്ടികൾക്ക് മൊബൈലും ലാപ്ടോപ്പും ആണ് പ്രധാന നേരമ്പോക്ക്. ഒരു വളർത്തു മൃഗം ഉണ്ടായാൽ മൊബൈൽ പ്രേമം കുറയും. ഇത്തരം സാഹചര്യത്തിൽ വീട്ടിൽ ഒരു വളർത്തു മൃഗം ഉള്ളത് കുട്ടികളിൽ ഒരുപാട് ഗുണങ്ങൾ ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. വിപണിയിൽ പ്രിയമേറിയതോടെ അലങ്കാര മൃഗങ്ങളുടെയും പക്ഷികളുടെയും ബ്രീഡിംഗും പലരും പരീക്ഷിക്കുന്നുണ്ട്.
.......
നായ്ക്കൾക്ക് മോഹവില
നായ്ക്കളിൽ പ്രിയമേറുന്നത് അൽസേഷ്യൻ, റോട്ട്വീലർ, ലാബ്രഡോർ, ഡോബർമാൻ തുടങ്ങിയവയുടെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ വില ഇരട്ടിയിലേറെയായി. ചില ഇനങ്ങൾക്ക് 25,000 രൂപ വരെയും വിലയെത്തി. പഗ്, പോമറേനിയൻ, ഡാഷ്ഹണ്ട് തുടങ്ങിയവയ്ക്കും വില കാര്യമായി ഉയർന്നു. മുംബയിൽ നിന്നു ബെംഗളൂരുവിൽ നിന്നുമൊക്കെ തീവണ്ടി കയറി വന്നിരുന്ന നായ്ക്കുട്ടികളുടെ വരവ് നിലച്ചതോടെയാണ് വില ഇത്രയേറെ ഉയർന്നത്.
ഗപ്പി പ്രിയം
അലങ്കാര മത്സ്യ വിപണിയാണ് കൊവിഡ് കാലത്ത് നിറമേറിയ മറ്റൊരു മേഖല. കുട്ടികളാണ് മത്സ്യവിപണിയിൽ കൂടുതലും താത്പര്യം. ആദ്യ ലോക്ഡൗണ കാലത്ത് തന്നെ മത്സ്യവളർത്തൽ ട്രനഡായി മാറിയിരുന്നു. പ്രസവിക്കുന്ന മത്സ്യങ്ങളായ ഗപ്പി, മോളി, പ്ലാറ്റി, സോഡ് ടെയിൽ എന്നിവയ്ക്കും മുട്ടയിടുന്ന ഗോൾഡ് ഫിഷ്, ഏയ്ഞ്ചൽ, ഗൗരാമി, കാർപ് എന്നിവയ്ക്കും വില കുതിച്ചുയർന്നു. വിലക്കുറവിൽ ലഭിച്ചിരുന്ന ഗപ്പിക്കു പോലും ഇനവും തരവും അനുസരിച്ചു ജോഡിക്കു വില 20 മുതൽ 300വരെയായി.700 രൂപയ്ക്ക് മുമ്പ് ലഭിച്ചിരുന്ന ഭാഗ്യ മത്സ്യമായിരുന്ന അരോണ 1000 രൂപയായി.
......
പക്ഷിവളർലിൽ പുതുകമ്പം
ലൗ ബേഡ്സ് മുമ്പ് കാഴ്ച കൗതകത്തിനായിരുന്നു വളർത്തിയിരുന്നത്. എന്നാൽ പക്ഷിവളർത്തലിൽ ആളുകൾക്ക് കമ്പമേറുകയാണ്. വിദേശിയ ഇനം തത്തകൾ മുതൽ ഇന്ത്യൻ വളർത്തുപക്ഷികൾ വരെ ജില്ലയിൽ കിട്ടാനില്ല. കുഞ്ഞുഫിഞ്ചുകൾ മുതൽ ആഫ്രിക്കൻ ചാരതത്തകൾ വരെയുള്ള അലങ്കാര പക്ഷികൾക്ക് ആളുകൾക്ക് പ്രിയം വല്ലാതെ കൂടി. ആഫ്രിക്കൻ ചാരതത്ത ജോഡിക്ക് 65,000 രൂപയിൽ നിന്ന് 1.25 ലക്ഷം രൂപ വരെയായി. 55,000 രൂപയ്ക്കു ലഭിച്ചിരുന്ന ഒരു ജോഡി സങ്കനോർ വർണപക്ഷികൾക്ക് ഇപ്പോൾ 1.15 ലക്ഷം രൂപ നൽകണം.
......
'' അലങ്കാര മത്സ്യങ്ങൾ, വളർത്ത് മൃഗങ്ങൾ,പക്ഷികൾ എന്നിവ വീട്ടിൽ വളർത്തുന്നത് ഒരു ഫാഷനാകുകയാണ്. ലോക്ഡൗൺ കാലത്ത് വിരസത അകറ്റുവാൻ തുടങ്ങിയ പരീക്ഷണത്തിൽ പലർക്കും പ്രിയമേറുകയാണ്. മുതിർന്നവരെക്കാൾ കുട്ടികൾക്കാണ് താത്പര്യം കൂടുതൽ ആവശ്യക്കാർ ഏറിയപ്പോൾ ഇവയുടെ വരവും കുറഞ്ഞു. പല ബ്രീഡുകൾക്ക് വില വർദ്ധിച്ചിട്ടുണ്ട്.
(ശങ്കർ, വ്യാപാരി കൊങ്ങിണിചുടുകാട്)